തിരുവനന്തപുരം: മന്ത്രിസ്ഥാനം എന്‍സിപിക്കായി ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാബംരന്. തോമസ് ചാണ്ടി രാജിക്ക് ഉപാധികള്‍ വച്ചിട്ടില്ല. ആദ്യം കുറ്റവിമുക്തനാകുന്ന നേതാവ് ആരാണോ അയാള്‍ വീണ്ടും മന്ത്രിയാകുമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എന്‍സിപി അധ്യക്ഷന്‍ അറിയിച്ചു.
കോടതി വിധി തോമസ് ചാണ്ടിക്കെതിരല്ല. തോമസ് ചാണ്ടിയുടെ രാജി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലല്ല. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ മാറിനില്‍ക്കുകയാണ്. മുന്നണിയുടെ യശ്ശസുയര്ത്താനാണ് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം രാജിവച്ചത്. കേന്ദ്ര നേതൃത്വത്തോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി.
ശശീന്ദ്രനോ തോമസ് ചാണ്ടിയോ, ആദ്യം ആരാണോ കുറ്റവിമുക്തനാകുന്നത് അവര്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരും. സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് കീഴ്വഴക്കമില്ലാത്ത നടപടിയാണെന്നും ഘടകകക്ഷികളെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയാണോ എന്ന് സിപിഐ തന്നെ പരിശോധിക്കണമെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.