രാഷ്ട്രീയത്തിലെ അപഹാസ്യ നാടകങ്ങള്‍

0
55


കെ.ശ്രീജിത്ത്

ഒടുവില്‍ തോമസ് ചാണ്ടി രാജിവെച്ചു. ഒട്ടേറെ നാടകങ്ങള്‍ക്ക് ശേഷമുള്ള രാജി. ജനാധിപത്യത്തില്‍ രാഷ്ട്രീയവും രാഷ്ട്രീയക്കാരും എത്രത്തോളം അപഹാസ്യരാകാമെന്ന് തെളിയിച്ച ഒന്നാന്തരം നാടകം. ഈ നാടകം പൂര്‍ത്തിയാകുമ്പോള്‍ എന്താണ് ബാക്കിയാകുന്നത്? മുഖ്യധാരാ രാഷ്ട്രീയത്തില്‍ ജനത്തിന് ഉള്ള വിശ്വാസം കൂടി ഇല്ലാതായി എന്നതുമാത്രം. അവസാനം ‘ബൂര്‍ഷ്വാ’ കോടതി വേണ്ടിവന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ‘മൂല്യങ്ങള്‍’ എന്താണെന്ന് അവരെ ഓര്‍മപ്പെടുത്താന്‍.

എന്തിനുവേണ്ടിയായിരുന്നു തോമസ് ചാണ്ടി ഇത്രമാത്രം ബലം പിടിച്ചത്? എന്തിനുവേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തെ ഇത്രമാത്രം സഹായിച്ചത്? ചാണ്ടി കായല്‍ കയ്യേറിയെന്ന ആരോപണം ശരിവെച്ച് കളക്ടര്‍ ടി.വി.അനുപമ റിപ്പോര്‍ട്ട് നല്‍കിയ നിമിഷം പിണറായിയ്ക്ക് അദ്ദേഹത്തോട് രാജി ആവശ്യപ്പെടാമായിരുന്നില്ലേ? എന്തിനിത്രമാത്രം വൈകിച്ചു?. രാഷ്ട്രീയ ധാര്‍മികത എന്നൊന്ന് പിണറായിയ്‌ക്കെങ്കിലും കാണിക്കാമായിരുന്നു. അതോ അദ്ദേഹവും അത് മറന്നോ? എന്തായാലും ജനത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന, അവരില്‍ അറപ്പ് ഉളവാക്കുന്ന അധികാര രാഷ്ട്രീയത്തിന്റെ നാണംകെട്ട നാടകങ്ങള്‍ ഒഴിവാക്കാമായിരുന്നു.

ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സംഭവിച്ചത്. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും പിണറായി വിജയന് ഒരുതരത്തിലും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇതല്ല ജനം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്. ജനം പ്രതീക്ഷിച്ച രാഷ്ട്രീയ പക്വത പിണറായിയില്‍ നിന്നുണ്ടായില്ല. തോമസ് ചാണ്ടിയില്‍ നിന്ന് ജനം അത് പ്രതീക്ഷിക്കുന്നില്ല. ആ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

അധികാരം ഇല്ലെങ്കില്‍ തങ്ങള്‍ അപ്രസക്തരാണെന്ന ബോധം സാത്വികനെന്ന് വിലയിരുത്തപ്പെടുന്ന പീതാംബരന്‍ മാസ്റ്ററെപ്പോലും എത്ര ആഴത്തിലാണ് ഗ്രസിച്ചിരിക്കുന്നതെന്നതിന് ഇതിനും നല്ല ഉദാഹരണം കിട്ടാനില്ല. തോമസ് ചാണ്ടിയെ, ഒരുപക്ഷെ അദ്ദേഹം പോലും ആഗ്രഹിക്കാത്ത വിധം പിന്തുണച്ചത് പീതാംബരന്‍ മാസ്റ്ററായിരുന്നു. മുഖ്യധാരാ രാഷ്ട്രീയം പീതാംബരന്‍ മാസ്റ്ററെപ്പോലുള്ള നേതാക്കളെ പോലും എങ്ങിനെയാക്കിത്തീര്‍ക്കുന്നു എന്നത് ജനത്തിന് വ്യക്തമായത് നല്ല കാര്യം തന്നെ. ശരത് പവാര്‍ അടക്കമുള്ള ദേശീയ നേതൃത്വത്തിലെ താപ്പാനകളുടെ സമ്മര്‍ദമായിരിക്കാം അതിനുപിന്നില്‍. എന്നാലും ഇത്ര വിനീത വിധേയനായി ആജ്ഞകള്‍ നടപ്പിലാക്കുന്ന ഒരു നേതാവിനെയല്ല പീതാംബരന്‍ മാസ്റ്ററില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്.

ചാണ്ടി വിഷയത്തില്‍ സിപിഐയും അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ മടിച്ചുനിന്നില്ല. ‘പ്രതിച്ഛായ’ രാഷ്ട്രീയത്തിന്റെ മാര്‍ക്കറ്റ് അവരാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മനസിലാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ഒരുമിച്ചുനില്‍ക്കുമ്പോഴും തങ്ങള്‍ ‘വേറിട്ട’ പാര്‍ട്ടിയാണെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതേ സിപിഐ ആണ് മൂന്നാര്‍ വിഷയത്തില്‍ വി.എസ്.അച്യുതാനന്ദനെ ഒറ്റപ്പെടുത്തി ഒതുക്കിയിരുത്തിയതെന്നത് ആരും മറന്നിട്ടുണ്ടാകില്ല. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സിപിഐയുടെ ഓഫീസിനെ തൊട്ടപ്പോഴാണ് അവരുടെ തനിനിറം പുറത്തുവന്നത്. അതോടുകൂടി മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ അവസാനിച്ചു എന്നതാണ് അതുകൊണ്ടുണ്ടായ ആത്യന്തിക ഫലം. അത് ചരിത്രത്തിലുണ്ടെന്ന കാര്യം, പിന്നിട്ട കാലം സിപിഐ മറന്നുപോകരുത്.

എന്തായാലും കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള രാഷ്ട്രീയ നാടകങ്ങള്‍ പൊടിപൊടിച്ചു. ഇടതുമുന്നണിയിലെ പ്രമുഖരായ രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും അതിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി എന്നതാണ് യാഥാര്‍ത്ഥ്യം.