സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനം

0
53


തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആരോഗ്യവകുപ്പിന് കീഴിലുള്ളവരുടെ പെന്‍ഷന്‍ പ്രായം 56-ല്‍ നിന്ന് 60 ആയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60-ല്‍ നിന്ന് 62 ആയുമാണ് ഉയര്‍ത്തിരിക്കുന്നത്. ആരോഗ്യമേഖലയില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ അഭാവം കണക്കിലെടുത്താണ് മന്ത്രിസഭാ തീരുമാനം.

മറ്റ് പ്രധാന തീരുമാനങ്ങള്‍

  • ശ്രീനാരായണഗുരുവിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ തീരുമാനമെടുത്തു. സ്ഥലം കണ്ടെത്താന്‍ റവന്യൂ സെക്രട്ടറി, സാംസ്‌കാരിക സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
  • ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവപെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി രാജ്യത്ത് ഇത് ആദ്യമായാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. തീരുമാനം നടപ്പിലാക്കുന്നതിന് ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ഇതോടെ ഈഴവ സമുദായത്തിന് ഇപ്പോഴുളള സംവരണം 14 ശതമാനത്തില്‍നിന്ന് 17 ശതമാനമായി വര്‍ധിക്കും. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ സംവരണം 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയരും.
  • ശബരിമല സീസണില്‍ സന്നിധാനത്ത് സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ക്യാമ്പ് ഫോളവര്‍മാര്‍ക്കും നല്‍കുന്ന ലഗേജ് അലവന്‍സ് 150 രൂപയില്‍നിന്ന് 200 രൂപയായി വര്‍ധിപ്പിച്ചു.
  • സംസ്ഥാന വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ തീരുമാനിച്ചു. നിലവിലുളള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുളള ഒഴിവുകളായിരിക്കും പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യുക. ഇതിനായുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.
  • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വായ്പകളിന്മേല്‍ ജപ്തി നടപടികള്‍ക്ക് അനുവദിച്ച മൊറോട്ടോറിയം ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.
  • വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയ ഐറ്റി ഉപകരണങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങാന്‍ തീരുമാനിച്ചു.
  • സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മിച്ചതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകളും ഫ്ലാറ്റുകളും സുനാമി പദ്ധതിയിലെ ഗുണഭോക്താക്കളുടെ അഭാവത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷിച്ച അര്‍ഹതയുളള കുടുംബങ്ങള്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചു. മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.