ഹരാരെ: സിംബാബ്വേയില് സൈനിക അട്ടിമറിയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് മുഗാബെയുടെ കൊട്ടാരം പാര്‍ലമെന്റ് മന്ദിരം സുപ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളെല്ലാം സൈന്യം വളഞ്ഞിരിക്കുകയാണ്. നഗരത്തിലെ പ്രധാന റോഡുകള്‍ എല്ലാം സൈനിക ട്രക്കുകള്‍ നിരന്നിരിക്കുകയാണ്. അതേസമയം പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ സുരക്ഷിതനാണെന്ന് സൈന്യം അറിയിച്ചു.
രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം ദേശീയ ടെലിവിഷന്‍ ചാനലും പിടിച്ചെടുത്തു. ‘സാമൂഹിക, സാമ്പത്തിക ദുരിതത്തിന്’ ഇടയാക്കിയ മുഗാബെയുടെ അനുയായികളാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൈന്യം പറയുന്നുണ്ട്. അട്ടിമറിയല്ലെന്ന് സൈന്യം പറയുന്നുണ്ടെങ്കിലും പ്രസിഡന്റിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ പ്രസിഡന്റ് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്ന് സൂചിപ്പിക്കുന്ന ട്വിറ്റര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
1980 മുതല്‍ 93 കാരനായ മുഗാബെയാണ് സിംബാബ്വേയില് അധികാരം കൈവശം വച്ചിരിക്കുന്നത്. പട്ടാള അട്ടിമറിയിലേക്കാണ് രാജ്യം പോകുന്നതെങ്കില്‍ പ്രസിഡന്റിന്റെ പത്നി ഗ്രേസ് മുഗാബെയുടെ അധികാര സ്വപ്നങ്ങള്‍ക്കു കൂടിയാണ് പൂട്ടുവീഴൂന്നത്.
സിംബാബ്വെയില് ഭരണഘടനാവിരുദ്ധമായ സര്‍ക്കാര്‍ മാറ്റത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പ്രതികരിച്ചു. വിദേശ രാജ്യങ്ങള്‍ എംബസികള്‍ക്കും പൗരന്മാര്ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.