സിദാനെ ദുരന്ത നായകനാക്കിയ ഒരേയൊരു ബുഫണ്‍

0
748


കെ.ശ്രീജിത്ത്

2006 ലോകകപ്പ് ഫൈനല്‍ ഓര്‍മയില്ലേ? ഒരു ദുരന്തനായകനായി, തല താഴ്ത്തി മൈതാനത്ത് നിന്ന് നടന്നുനീങ്ങിയ ഇതിഹാസതാരം സിനദിന്‍ സിദാന്റെ കാഴ്ച ഇപ്പോഴും ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ നിന്ന് മായാതെ നിര്‍ത്തുന്നു ആ ഫൈനല്‍. മാര്‍ക്കോ മറ്റരാസിയെ തല കൊണ്ട് ഇടിച്ചുവീഴ്ത്തിയതിന് ചുവപ്പുകാര്‍ഡ് ലഭിച്ചായിരുന്നു ആ പുറത്താകല്‍. അതായിരുന്നു അയാളുടെ അവസാന അന്താരാഷ്ട്ര മത്സരവും.

അന്ന് മറ്റരാസിയെ തല കൊണ്ട് ഇടിച്ചുവീഴ്ത്താന്‍ മാത്രം സിദാനെ പ്രകോപിപ്പിച്ചത് മറ്റരാസിയുടെ പിഴച്ച നാക്കില്‍ നിന്നുവീണ വാക്കുകള്‍ മാത്രമായിരുന്നോ? കളിയെ ആഴത്തില്‍ വീക്ഷിക്കുന്ന ഒരു ഫുട്‌ബോള്‍ പ്രേമിയുടെ ഉത്തരം ‘അല്ല’ എന്നുതന്നെയായിരിക്കും. പിന്നെന്താണ് കാരണം? അതിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം ഇറ്റലിയ്ക്കുവേണ്ടി അവസാന അന്താരാഷ്ട്ര മത്സരവും കളിച്ച് ജേഴ്‌സിയൂരിയ അവരുടെ ഇതിഹാസ ഗോള്‍ കീപ്പര്‍, അവരുടെ വീരനായകന്‍ ജിയാന്‍ല്യൂജി ബുഫണ്‍.


ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ 69,000ഓളം വരുന്ന കാണികളെ സാക്ഷി നിര്‍ത്തി നടന്ന ആ ലോകകപ്പ് ഫൈനല്‍ രാവില്‍ സിദാനെ ഏറെ നിരാശപ്പെടുത്തിയത് മറ്റരാസിയെക്കാള്‍ ഇറ്റലിയുടെ ഗോള്‍കീപ്പര്‍ ബുഫണായിരുന്നു. മറ്റരാസിയെ തല കൊണ്ട് ഇടിച്ചുവീഴ്ത്തിയതിനും നിമിഷങ്ങള്‍ക്ക് മുമ്പ് പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് സിനദിന്‍ സിദാന്‍ തൊടുത്തുവിട്ട എണ്ണം പറഞ്ഞൊരു ഹെഡ്ഡര്‍ സെക്കന്റിലൊരംശത്തിന്റെ വ്യത്യാസത്തില്‍ വലതുകൈ കൊണ്ട് കുത്തിയകറ്റിയിരുന്നു ബുഫണ്‍. ലോകമാകെ കളി കണ്ടുകൊണ്ടിരുന്നവര്‍ ശ്വാസമടക്കിപ്പിടിച്ച നിമിഷം. ഒരുപക്ഷെ എല്ലാവരും തന്നെ(ബുഫണ്‍ ഒഴികെ) ആ ഹെഡ്ഡര്‍ ഗോളായെന്ന് ഉറപ്പിച്ച നിമിഷമായിരുന്നു അത്. എന്നാല്‍ ബുഫണ്‍ അവിശ്വസനീയമാംവിധം പറന്നുചാടി ആ ഹെഡ്ഡര്‍ കുത്തിയകറ്റി. യഥാര്‍ത്ഥത്തില്‍ ആ ഫൈനലിലെ ഏറ്റവും നിര്‍ണായകമായ നിമിഷം അതായിരുന്നു. ഒരു ഗോള്‍കീപ്പര്‍ തന്റെ ക്ലാസ് തെളിയിച്ച സേവ്. ഒരു ഇതിഹാസതാരം തന്റെ രാജ്യത്തിനുവേണ്ടി നടത്തിയ എക്കാലത്തെയും മികച്ച രക്ഷാപ്രവര്‍ത്തനം. അത് വിശ്വസിക്കാന്‍ സിദാനായിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് മൈതാനം സാക്ഷിയായ നാടകീയതകള്‍. അടിമുടി നിരാശയില്‍ കുളിച്ചുനിന്ന സിദാന്‍, മറ്റരാസി ഒരുക്കിയ കെണിയില്‍ വീണ് തീര്‍ത്തും ദുര്‍ബലനായിപ്പോയ കാഴ്ച മറക്കാനാവില്ല. തൊട്ടുമുമ്പ് ബുഫണ്‍ തടസം നിന്ന ആ ഗോളിന്റെ നിരാശ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് ഒഴിഞ്ഞുപോയിരുന്നില്ല. അത്രമാത്രം അവിശ്വസനീയമായിരുന്നു ആ സേവ്.

ബുഫണിന്റെ ആ സേവില്‍ ഹൃദയം നുറുങ്ങിപ്പോയത് ലോകത്താകമാനമുള്ള സിദാന്‍ പ്രേമികളുടേതുകൂടിയായിരുന്നു. ഒരുപക്ഷേ ഇന്നും ആ നിരാശയില്‍ നിന്ന് പൂര്‍ണമായും കരകയറാത്ത സിദാന്‍ ഫാന്‍സ് ലോകത്തുണ്ടാകാം. എന്നാല്‍ ബുഫണ്‍ ആ ഒരൊറ്റ സേവിലൂടെ ഇറ്റലിയ്ക്ക് സമ്മാനിച്ചത് വിലമതിക്കാനാവാത്ത ഒരു ലോക കിരീടമായിരുന്നു. പിന്നീടുള്ള നാല് വര്‍ഷത്തേയ്ക്ക് ലോകത്ത് രാജാക്കന്‍മാരായി വിരാജിക്കാനുള്ള അവസരം. ബുഫണായിരുന്നു അവരുടെ സൂപ്പര്‍ഹീറോ. അവരുടെ വീരനായകന്‍. മറുവശത്ത് അന്ന് ഫ്രാന്‍സിന് കീരിടം നേടിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പെലെ, മറഡോണ എന്ന ക്രമത്തിലേയ്ക്ക് മൂന്നാമനായി, ഇതിഹാസങ്ങളിലെ ഇതിഹാസമായി സിദാന്‍ മാറുമായിരുന്നു. ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്ന പേരുകളില്‍ മൂന്നാമനായി അയാള്‍ പ്രതിഷ്ഠിക്കപ്പെട്ടേനെ. രണ്ടേ രണ്ട് മാന്ത്രികരുടെ നിരയിലേയ്ക്ക് മൂന്നാമനായി കയറി ഇരുന്നേനെ. പക്ഷെ ഒന്നും സംഭവിച്ചില്ല. പെലെയുടേയും മറഡോണയുടെയും നിരയിലേയ്ക്കുള്ള അവസാന ചുവടില്‍ അയാള്‍ അടിതെറ്റി വീണു. ബുഫണ്‍ എന്ന കടമ്പയില്‍ തട്ടിയായിരുന്നു ആ വീഴ്ച. എല്ലാം തച്ചുതകര്‍ത്ത ഒരു നിമിഷത്തെ ഭ്രാന്ത്. എന്നാല്‍ സിദാനെ പിടികൂടിയ ആ ഭ്രാന്തിന്റെ ഉറവിടം ബുഫണായിരുന്നു. ജിയാന്‍ല്യൂജി ബുഫണ്‍.

അതാണ് ബുഫണ്‍. മൈതാനം ചുട്ടുപൊള്ളുമ്പോള്‍ ഇതിഹാസതാരങ്ങളുടെ പോലും മനസിനുള്ളിലേയ്ക്ക് കയറി കളിയ്ക്കാന്‍ കഴിയുന്ന പ്രതിഭാസം. എത്രയെത്ര മൈതാനങ്ങള്‍ തന്റെ കാല്‍ക്കീഴില്‍ ഞെരിച്ചമര്‍ത്തിയ കളിക്കാരനാണ് സിദാന്‍. ആ സിദാന്റെ പോലും ഏകാഗ്രത നശിപ്പിക്കാന്‍ അയാള്‍ക്കാകുന്നത് അതുകൊണ്ടാണ്. ആ ബുഫണാണ് ജേഴ്‌സി അഴിച്ചുവെച്ചിരിക്കുന്നത്.

യാദൃശ്ചികമായിരിക്കാം, ഒരുപക്ഷെ കാലത്തിന്റെ കളിയുമായിരിക്കാം. എത്രമാത്രം ഹൃദയം നുറുങ്ങിയാണോ സിദാന്‍ കളം വിട്ടത്, അത്രതന്നെ ഹൃദയം നുറുങ്ങിയാണ് ബുഫണും കളം വിട്ടത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്വീഡനോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടിവന്ന ഇറ്റലി 2018 ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയില്ല.  ഹൃദയം നുറുങ്ങാന്‍ ബുഫണിന് ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? പൊട്ടിക്കരഞ്ഞുകൊണ്ടാണ് അയാള്‍ ക്യാപ്റ്റന്റെ ആംബാന്റ് അഴിച്ചുവെച്ചത്. തനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഇറ്റലിയുടെ ജേഴ്‌സി അഴിച്ചുവെച്ചത്. സിദാനുണ്ടായതുപോലെ, ഈ വേദന അയാളെ ജീവനും ജീവിതവുമുള്ള കാലത്തോളം പിന്തുടരും, തീര്‍ച്ച. എങ്കിലും ഇന്നേവരെ ആ മനുഷ്യന്‍ രാജ്യത്തിനുവേണ്ടി നടത്തിയ സേവുകളൊന്നും ഫുട്‌ബോള്‍ പ്രേമികള്‍ മറക്കില്ല. അതെല്ലാം ജീവനും ജീവിതവുമുള്ളക്കാലത്തോളം അവരുടെ ഉള്‍ക്കാഴ്ചകളിലുണ്ടാകും, തീര്‍ച്ച.

നന്ദി ബുഫണ്‍. നീണ്ട ഇരുപത് വര്‍ഷത്തോളം സ്വന്തം പ്രതിഭ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയതിന്, കണ്ടാലും കണ്ടാലും തീരാത്തത്ര വിസ്മയം ഒരുക്കിയതിന്, അളവറ്റ ആനന്ദം നല്‍കിയതിന്…