മൂന്നാര്‍: മൂന്നാര്‍ സംരക്ഷണ സമിതിയില്‍ നിന്ന് സിപിഐയെ ഒഴിവാക്കി സിപിഎം. പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയ നടപടിയാണ് മൂന്നാര്‍ സംരക്ഷണ സമിതി രൂപീകരിക്കാന്‍ ഇപ്പോള്‍ സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. സിപിഐ മന്ത്രിമാര്‍ ഭരിക്കുന്ന റവന്യൂ, വനം വകുപ്പുകള്‍ക്കെതിരെയാണ് സമിതി സമരം ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ 21ന് പത്ത് പഞ്ചായത്തുകളില്‍ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നിവേദിത പി ഹരന് റിപ്പോര്‍ട്ട് തള്ളിക്കളയുക, ദേവീകുളം സബ് കളക്ടറുടെ ജനവിരുദ്ധ നടപടികള്‍ റദ്ദാക്കുക, പട്ടയങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ പിന്‍വലിക്കുക എന്നിവയാണ് എസ്.രാജേന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രധാന ആവശ്യങ്ങള്‍.
തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് സര്‍ക്കാരിന് നേതൃത്വം നല്കുന്ന സിപിഎമ്മിന് ക്ഷീണമായിരുന്നു. ഇതാണ് സമിതിയില്‍ നിന്ന് സിപിഐയെ ഒഴിവാക്കാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.