കോഴിക്കോട്: കെഎംസിടി മെഡിക്കല്‍ കോളേജില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് എംബിബിഎസ് വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവത്തില്‍ ദുരൂഹ മരണത്തിന് കേസെടുത്തു. മുക്കം പൊലീസാണ് കേസെടുത്തത്. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഊഷ്മള്‍ ഉല്ലാസാണ് കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ചെയ്തത്.
ഇന്നലെ വൈകുന്നേരം 4:45 ഓടെയായിരുന്നു സംഭവം. വീഴ്ചയില്‍ ഊഷ്മളിന്റെ ഇരുകാലിനും, നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കെഎംസിടി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല. തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനിയാണ് ഊഷ്മള്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഊഷ്മളിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഊഷ്മളിന്റെ റൂമില്‍ നിന്നും പൊലീസ് കണ്ടെടുത്ത ഡയറിയില്‍ സഹപാഠികളെ കുറിച്ചോ കോളജിനെ കുറിച്ചോ മോശമായ പരാമര്‍ശങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഊഷ്മളിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ സംശയിക്കത്തക്ക രീതിയില്‍ ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മുന്‍പെഴുതിയ ഒരു കുറിപ്പുമായി ബന്ധപ്പെട്ട് കെഎംസിടി കണ്‍ഫെഷന്‍ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ വന്ന മോശം കമന്റിനെ കുറിച്ചുള്ളതാണ് നവംബര്‍ 13-ന് ഊഷ്മള്‍ എഴുതിയ അവസാനത്തെ പോസ്റ്റ്.
ഗ്രൂപ്പില്‍ ഉണ്ടായ ചര്‍ച്ചയുടെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹപാഠികളുമായി പ്രശ്നമുണ്ടായിരുന്നു എന്ന് സംശയിക്കുന്ന തരത്തിലുള്ള ഒരു കുറിപ്പായിരുന്നു അത്. കുറിപ്പില്‍ പരാമര്‍ശിക്കുന്ന വിദ്യാര്‍ത്ഥി മറുപടി കുറിപ്പും എഴുതിയിട്ടുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.