കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

0
76

കൊൽക്കത്ത: കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് ലങ്കയ്ക്കെതിരെ ബാറ്റിങ് തകർച്ച. മഴമൂലം പ്രതിസന്ധിയിലായ മൽസരത്തില്‍ ഒന്നാം ദിനം 11.5 ഓവർ മാത്രമാണ് ആ കളി നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എന്ന നിലയിലാണ്.

ആറ് ഓവർ ബോൾ ചെയ്ത് ആറും മെയ്ഡനാക്കി മൂന്നു വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലിന്റെ മാസ്മരിക പ്രകടനമാണ് ആദ്യ ദിനം ലങ്കയ്ക്ക് മുൻതൂക്കം സമ്മാനിച്ചത്. ഇന്ത്യൻ നിരയിൽ കെ.എൽ. രാഹുൽ, ശിഖർ ധവാൻ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി തുടങ്ങിയവരെല്ലാം പവലിയനിലേക്ക് മടങ്ങി

43 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ എട്ടു റൺസുമായി പുറത്താകാതെ നിൽക്കുന്ന ചേതേശ്വർ പൂജാരയാണ് ഏക ആശ്വാസം. അഞ്ചു പന്തിൽ റണ്ണൊന്നുമെടുക്കാതെ അജിങ്ക്യ രഹാനെയും ക്രീസിലുണ്ട്. ടോസ് നേടിയ ലങ്കൻ നായകൻ ചണ്ഡിമൽ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 11 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ എട്ടു റൺസെടുത്ത ധവാനെ ലക്മൽ ബൗൾഡാക്കി.

ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പൂജാരയും ചേർന്നുള്ള കൂട്ടുകെട്ടിൽ പ്രതീക്ഷ വച്ച ഇന്ത്യയെ ഞെട്ടിച്ച് ലക്മൽ വീണ്ടും ആഞ്ഞടിച്ചു. ഇത്തവണ പുറത്തായത് കോഹ്‍ലി. 11 പന്തിൽ റണ്ണൊന്നുമെടുക്കാതെ പ്രതിരോധിച്ചുനിന്ന കോഹ്‍ലിയെ ലക്മൽ എൽബിയിൽ കുരുക്കി. ആറ് ഓവർ ബോൾ ചെയ്ത് ഒരു റൺ പോലും വിട്ടുകൊടുക്കാതെയായിരുന്നു ലക്മലിന്റെ മാസ്മരിക പ്രകടനം.