കെ.ശ്രീജിത്ത്
ഭാവിയില്‍ ഒരുപക്ഷേ നാം കാണാന്‍ പോകുന്ന ദൃശ്യം. ഈ ദൃശ്യത്തിന് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും ബന്ധമില്ല. എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രം.
———————————————————————————————–
ഫുട്ബോള്‍ മത്സരം നടക്കുന്ന ഒരു സ്റ്റേഡിയത്തിന്റെ അകക്കാഴ്ച.
സ്റ്റേഡിയത്തിന്റെ വിദൂര ദൃശ്യത്തില്‍ തുടങ്ങി ക്യാമറ പതുക്കെ സ്റ്റേഡിയത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നു.
പതിനായിരങ്ങള്‍ ആര്ത്തുവിളിക്കുന്നതിന്റെ മധ്യദൃശ്യം.
ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് തിരമാലകള്‍ തീര്‍ക്കുന്ന ആരാധകരുടെ സമീപദൃശ്യം.
അപ്പോള്‍ അതാ മധ്യവയസകനെന്ന് തോന്നിക്കുന്ന ഒരാള്‍ സ്റ്റേഡിയത്തിലെ ഇരിപ്പിടത്തില്‍ നിന്ന് ചാടിയിറങ്ങി, കോട്ടും സൂട്ടും വലിച്ചെറിഞ്ഞ് മൈതാനത്തേയ്ക്ക് ഒാടുന്നു. അയാളെ പിന്തുടരുന്ന ക്യാമറ. മൈതാനത്തേയ്ക്ക് കടക്കുന്ന അയാള്‍ ‘മാറിനിക്കടാ, എങ്ങിനെയാണ് കളിക്കേണ്ടതെന്ന് ഞാന്‍ കാണിച്ചുതരാം’ എന്ന് സ്പാനിഷ് ഭാഷയില്‍ അലറിവിളിക്കുന്നതിന്റെ സമീപദൃശ്യം.
അപ്പോഴേയ്ക്കും റഫറിയും സുരക്ഷാ ജീവനക്കാരും അയാളെ വട്ടംപിടിച്ച് മൈതാനത്തിന്റെ പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ പിന്‍ദൃശ്യം. കട്ട് ചെയ്ത് മുന്‍ഭാഗത്ത് നിന്നുള്ള അയാളുടെ സമീപദൃശ്യം.
—————————————————————————————————
ഇനി നമ്മുക്ക് വര്‍ത്തമാനകാലത്തേയ്ക്ക് തിരിച്ചുവരാം…
‘എനിക്ക് ദേഷ്യം വരുന്നു ഇപ്പോള്‍ അര്‍ജന്റീനയുടെ കളി കാണുമ്പോള്‍’
– ഡീഗോ മറഡോണ
സാക്ഷാല്‍ മറഡോണയ്ക്ക് മാത്രമല്ല, എല്ലാവര്ക്കും ദേഷ്യം വരുന്നു ഇപ്പോള്‍ അര്‍ജന്റീനയുടെ കളി കാണുമ്പോള്‍. അര്‍ജന്റീന ലോകത്തിലെവിടെ കളിയ്ക്കുമ്പോഴും പരമാവധി കളി കാണാനെത്തുന്ന, വികാര പ്രകടനങ്ങള്‍ കൊണ്ട് അവരെ പ്രചോദിപ്പിക്കുന്ന, ഒരു സാധാരണ ആരാധകനെപ്പോലെ എന്തിനും അവര്‍ക്കൊപ്പം നില്ക്കുന്ന ഡീഗോ മറഡോണയ്ക്കെന്ന പോലെ ലോകത്തെ ഓരോ അര്‍ജന്റീന ആരാധകനും അവരോട് ദേഷ്യപ്പെട്ട്, പല്ലിറുമ്മാന്‍ അവകാശമുണ്ട്. കാരണം അവരുടെ ഉയര്‍ച്ചയിലും വീഴ്ചയിലും തള്ളിപ്പറയാതെ അവരെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് മറഡോണയും പിന്നെ ആരാധകരും.
ലയണല്‍ മെസ്സിയുണ്ടായാല് പോലും ജയിക്കുമെന്ന് ഉറപ്പില്ല. ഇനി മെസ്സി കൂടി ഇല്ലെങ്കിലോ? പിന്നെ പറയുകയും വേണ്ട. എന്താണ് അര്‍ജന്റീനയുടെ പ്രശ്നം? അതെന്തായാലും പ്രതിഭാ ദാരിദ്ര്യമല്ല. പ്രതിരോധത്തില്‍ കോട്ട കാക്കാന്‍ ഹാവിയര്‍ മഷറാനോ, മധ്യനിരയില്‍ കളം പിടിച്ചടക്കാന്‍ ഏയ്ഞ്ചല്‍ ഡി മരിയ, മധ്യനിരയിലും മുന്നേറ്റത്തിലുമായി സാക്ഷാല്‍ ലയണല്‍ മെസ്സി, മുന്നേറ്റത്തില്‍ മാത്രമായി സെര്‍ജി അഗ്യൂറോ അല്ലെങ്കില്‍ ഗൊണ്‍സാലോ ഹിഗ്വയ്ന്. അതുമല്ലെങ്കില്‍ പൗലോ ഡൈബാല, എവര്‍ ബനേഗ. ഗോള്‍വലയ്ക്ക് കാവല്‍ നില്ക്കാന് സെര്‍ജിയോ റൊമേറോ. ഈ കളിനിരയില് പ്രതിഭാ ദാരിദ്ര്യമുണ്ടെന്ന് തമാശയായി പോലും പറയാന്‍ കഴിയുമോ? അപ്പോള്‍ പിന്നെ നിരന്തരം തോല്ക്കാന് മാത്രം അര്‍ജന്റീനയുടെ പ്രശ്നമെന്താണ്?
‘സ്ഥിരത’ എന്നത് സ്പോര്‍ട്സുമായി ബന്ധപ്പെട്ടുനില്ക്കുന്ന ഏറ്റവും വലിയ വാക്കാണ്. അല്ലെങ്കില്‍ വസ്തുതയാണ്. ഇപ്പോഴത്തെ അര്‍ജന്റീന ടീമിന്റെ ഒന്നാമത്തെ പ്രശ്നം സ്ഥിരതയില്ലായ്മയാണ്. അതായത് സ്ഥിരമായി ഒത്തിണക്കത്തോടെ കളിക്കാന്‍ അവര്‍ക്ക് കഴിയുന്നേയില്ല. വല്ലപ്പോഴും ഒറ്റയാള്‍ പ്രകടനങ്ങള്‍ കൊണ്ട് ജയിക്കുന്നു. ആ ഒറ്റയാള്‍ ഒരുപക്ഷെ മെസ്സിയാകാം, ഡി മരിയയാകാം അല്ലെങ്കില്‍ ഹിഗ്വയ്നോ അഗ്യൂറോയോ ആകാം. ആ ദിവസങ്ങളില്‍ അവര്‍ ജയിച്ചുകയറും. ആരാധകര്‍ ആഘോഷിക്കും. അര്‍ജന്റീന തിരിച്ചെത്തുന്നുവെന്ന് മാധ്യമങ്ങള്‍ തലക്കെട്ട് നല്‍കും. അടുത്ത കളിയില്‍ വീണ്ടും പഴയ കഥ തന്നെ. പതിനൊന്ന് പേരും ഒറ്റയ്ക്കൊറ്റയ്ക്ക് മൈതാനത്ത് ഉഴറി നടക്കുന്ന കാഴ്ച. അതുകാണുമ്പോള്‍ കളി കാണുന്ന ആരാധകന് ഭ്രാന്ത് കയറും. പിന്നെ വീണ്ടും അതേ ചോദ്യം. അര്‍ജന്റീനയ്ക്ക് എന്തുപറ്റി?
സമീപകാലത്തെ അര്‍ജന്റീനയുടെ അസ്ഥിരതയുടെ ഏറ്റവും വലിയ ഉദാഹരണം ലോകകപ്പ് യോഗ്യതാ മത്സരങ്ങളായിരുന്നു. വല്ലപ്പോഴും ഒരു കളി കഷ്ടിച്ച് ജയിക്കും. പിന്നെ ഒരു നാല് കളി ഒന്നുകില്‍ തോല്‍വി അല്ലെങ്കില്‍ സമനില. അപ്പോള്‍ വീണ്ടും ലോകകപ്പ് യോഗ്യത ചോദ്യചിഹ്നമാകും. അപ്പോള്‍ അടുത്ത കളി എങ്ങിനെയെങ്കിലും ഒരു ഗോളടിച്ച് ജയിക്കും. അപ്പോള്‍ ആരാധകര്‍ ആശ്വസിക്കും. നെടുവീര്‍പ്പിടും. എന്നാലും അവരുടെ മനസിലെ ആശങ്കയിലുയരുന്ന, സ്വയം ചോദിക്കുന്ന ചോദ്യം ‘ഇതുമതിയോ? ഇതുകൊണ്ട് എവിടെ വരെയെത്തും?’ എന്നാണ്. അതിന് അവര്‍ തന്നെ മറുപടി കണ്ടെത്തും ‘ങാ പോട്ടെ, ഇത്തവണ എന്തായാലും രക്ഷപ്പെട്ടല്ലോ. അടുത്ത കളി നോക്കാം’. ഇങ്ങിനെ നോക്കിയും ആശ്വസിച്ചും ആശ്വസിപ്പിച്ചും ഒരുവഴിയ്ക്ക് ആരാധകര്‍. തോറ്റും സമനില വഴങ്ങിയും കഷ്ടിച്ച് ജയിച്ചും ടീം മറ്റൊരു വഴിയ്ക്കും. പരിക്കേറ്റും തിരിച്ചുവന്നും ഒന്നിനും ഒരുറപ്പുമില്ലാതെ മെസ്സിയും.
ഒടുവില്‍ അതിനിര്‍ണായകമായ മത്സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ച് അര്‍ജന്റീന ലോകകപ്പിനുള്ള ബസ്സില്‍ കയറിക്കൂടി. അന്ന് മെസ്സി ഹാട്രിക്ക് നേടി വീരപുരുഷനായി. അതല്ലെങ്കില്‍ ഒരു ലോകകപ്പ് കൂടി കളിക്കാതെ മെസ്സി വിരമിക്കേണ്ടിവന്നേനെ. എന്തായാലും അന്ന് എല്ലാ ആരാധകരും ഏറെനാള്‍ക്ക് ശേഷം സുഖമായി ഉറങ്ങി. അവരുടെ പ്രിയപ്പെട്ട ടീം ഇനി തിരിഞ്ഞുനോക്കില്ല. കുതിക്കും – അവര്‍ സ്വപ്നം കണ്ടു.
ഇതാ വീണ്ടും അര്‍ജന്റീന പഴയ പടി തന്നെ. കഴിഞ്ഞ ദിവസം നൈജീരിയയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ന്ന് തരിപ്പണമായി. അതും അഗ്യൂറോ, ബനേഗ എന്നിവരിലൂടെ രണ്ട് ഗോളിന് മുന്നിലെത്തിയിട്ടാണ് നാല് ഗോളുകള്‍ വാങ്ങിക്കൂട്ടിയത്. വീണ്ടും അതേ തലക്കെട്ടുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു ‘Nigeria stuns Argentina’. ‘മെസ്സിയ്ക്ക് വിശ്രമം അനുവദിച്ചു’ എന്ന് ഈ റിപ്പോര്‍ട്ടുകളില്‍ മാധ്യമങ്ങള്‍ പ്രത്യേകം പറയുന്നുണ്ട്. അതായത് മെസ്സിയില്ലെങ്കില്‍ അര്‍ജന്റീന തോല്‍ക്കുന്നത് ‘സ്വാഭാവികം’ എന്നര്‍ത്ഥം. പണ്ട് നെടുമുടി വേണു ഒരു മലയാള സിനിമയില്‍ പറഞ്ഞതുപോലെ ‘സ്വാഭാവികം’.
പ്രതിഭകള്‍ വെറും കൂട്ടമായി മാറുന്നതും യാതൊരു ഒത്തൊരുമയുമില്ലാതെ കളിക്കുന്നതും കാണണമെങ്കില്‍ നിങ്ങള്‍ ഇപ്പോഴത്തെ അര്‍ജന്റീന ടീമിന്റെ കളി കാണണം. എങ്ങിനെയാകരുത് ഒരു ടീം എന്ന് ഭാവിതലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ഇപ്പോഴത്തെ അവരുടെ കളിയുടെ വീഡിയോ സൂക്ഷിച്ചുവെച്ച് കാണിച്ചുകൊടുക്കാം. പ്രതിരോധനിരയും മധ്യനിരയുമായി, മധ്യനിരയും മുന്നേറ്റ നിരയുമായി യാതൊരു ഒത്തിണക്കവുമില്ലാത്ത ആ കളി ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമാണ്. അര്‍ജന്റീന ഇത്രയും ബാലിശമായി കളിക്കുമോയെന്ന് ആരാധകര്‍ അത്ഭുതം കൂറും. സംശയിക്കേണ്ട, അര്‍ജന്റീനയ്ക്ക് അതിനും കഴിയും എന്ന് വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് ഉറക്കെ പറയാം. പലപ്പോഴും നാടന്‍ ക്ലബുകളുടെ നിലവാരത്തില്‍ പോലും എത്താത്ത ആ കളി ആരാധകര്‍ക്ക് ഹൃദയാഘാതമുണ്ടാക്കാത്തത് എന്തോ ഭാഗ്യം! അവരുടെ ചില മിസ് പാസുകള്‍ കാണുമ്പോള്‍ ‘അത് സംഭവിച്ചില്ലല്ലോ’ എന്ന് നമ്മുക്ക് ആശ്വസിക്കാം.
താരങ്ങളല്ല ഒത്തിണക്കത്തോടെ കളിച്ച് ജയിക്കുന്ന ടീമാണ് പ്രധാനമെന്ന് എന്നാണ് അര്‍ജന്റീനയ്ക്ക് മനസിലാവുക. അതിന് അവര്‍ വിന്‍സന്റ് ഡെല്‍ ബോസ്ക് എന്ന പഴയ സ്പാനിഷ് കോച്ചിനെ കാണേണ്ടിവരുമോ? ആ മനുഷ്യനാണല്ലോ സ്പെയിനിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമായത്. താരങ്ങളെയല്ല, കളിക്കാരെ ഒരു ടീമാക്കി അവരുടെ കളിയ്ക്ക് ‘ടിക്കി ടാക്ക’ എന്ന ഓമനപ്പേരുമിട്ട് ഒത്തിണക്കത്തോടെ കളിപ്പിച്ചത്. അവര്‍ക്ക് ലോകകപ്പും യൂറോ കപ്പും നേടിക്കൊടുത്തത്. ഇനി എന്നാണ് അര്‍ജന്റീനയുടെ മാലാഖയായി ഒരു ഡെല്‍ ബോസ്ക് അവതരിക്കുക?
‘മാറിനിക്കടാ, എങ്ങിനെയാണ് കളിക്കേണ്ടതെന്ന് ഞാന്‍ കാണിച്ചുതരാം’ എന്ന് സ്പാനിഷ് ഭാഷയില്‍ അലറിവിളിക്കുന്നതിന്റെ അലകള്‍ നമ്മുടെ ചെവിയില്‍ മുഴങ്ങുന്നുണ്ടോ? ആ മധ്യവയസകന്റെ ദൃശ്യം ഒരു ഭാവനയിലെന്നോണം നമ്മെ അലസോരപ്പെടുത്തുന്നുണ്ടോ?