ഞാന്‍ ആഞ്ഞടിച്ചത്രേ; ആഞ്ഞടിക്കാനുള്ള വേദിയാണോ മന്ത്രിസഭായോഗം: ജി.സുധാകരന്‍

0
73


തിരുവനന്തപുരം: നിലവില്‍ പത്രങ്ങള്‍ വായിക്കുമ്പോള്‍ തനിക്ക് ഭീതിയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ആ രീതിയിലാണ് പത്രങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. ഒരു പ്രമുഖ പത്രത്തിനു നേരെ ആഞ്ഞടിച്ചാണ് സുധാകരന്റെ പ്രതികരണം.

അന്താരാഷ്ട്ര പ്രസ് ദിനത്തില്‍ വര്‍ത്തമാന ഭരണകൂടവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സുധാകരന്‍ ഒരു പ്രമുഖ പത്രത്തിനു നേരെ തിരിഞ്ഞത്. ആ പത്രം കഴിഞ്ഞ ദിവസം ഇങ്ങിനെ വാര്‍ത്ത നല്‍കി.

കാബിനെറ്റില്‍ ജി.സുധാകരന്‍ മന്ത്രി തോമസ്‌ ചാണ്ടിക്ക് നേരെ ആഞ്ഞടിച്ചു. ഞാന്‍ ആരെയും അടിച്ചില്ല.ആരും ആരെയും അടിച്ചില്ല. കാബിനെറ്റില്‍ തോമസ്‌ ചാണ്ടിയെക്കുറിച്ച് ചര്‍ച്ച വന്നില്ല. കാബിനെറ്റില്‍ എങ്ങിനെ ചര്‍ച്ച ചെയ്യാന്‍ കഴിയും. കാബിനെറ്റ്‌ പൊളിറ്റിക്കല്‍ ബോഡി അല്ല. കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഗവേണിംഗ് ബോഡി ഓഫ് സ്റ്റേറ്റ് ആണ്. അവിടെ ഒന്നും ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഒന്നും കാബിനെറ്റില്‍ തീരുമാനിക്കപ്പെടില്ല.

അഭിപ്രായങ്ങള്‍ പറയാം. പക്ഷെ ഒരൊറ്റ തീരുമാനമാണ്. കാബിനെറ്റില്‍ തോമസ് ചാണ്ടിയെക്കുറിച്ച് ചര്‍ച്ച വന്നില്ല. അങ്ങിനെ ഒരു തീരുമാനം വന്നില്ല. മുഖ്യമന്ത്രി ഉന്നയിക്കാത്ത ഒരു കാര്യവും ഞങ്ങള്‍ ഉന്നയിക്കാറില്ല. തോമസ് ചാണ്ടിക്കെതിരെ കാബിനെറ്റില്‍ ഞാന്‍ ആഞ്ഞടിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നപ്പോള്‍ ഞാന്‍ ആ പത്രത്തിന്റെ ചീഫ് എഡിറ്ററെ വിളിച്ചു. സംസാരിച്ചു.

അദ്ദേഹത്തിനു കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടര്‍ക്ക് ആരോ പറഞ്ഞു കൊടുത്തതാണ്. റിപ്പോര്‍ട്ടറെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ഇത്തരക്കാര്‍ ഉന്നത രാഷ്ട്രീയ ശ്രേണിയില്‍ ഉണ്ടെന്നു റിപ്പോര്‍ട്ടര്‍മാര്‍ മനസിലാക്കണം. കുറ്റപ്പെടുത്താനല്ല പറയുന്നത്. ഇത്തരം കാര്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍, അത് കേള്‍ക്കുമ്പോള്‍ സൂക്ഷിക്കണം. വാര്‍ത്ത വിളിച്ചു തരുന്ന ആള്‍ റിപ്പോര്‍ട്ടറെ വിലയ്ക്ക് എടുക്കുകയാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ആ വാര്‍ത്ത ആ റിപ്പോര്‍ട്ടറുടെ വിശ്വാസ്യതതയെ ബാധിക്കും.

ഞാന്‍ മാധ്യമങ്ങള്‍ക്ക് രഹസ്യങ്ങള്‍ നല്‍കാറില്ല. എല്ലാ രഹസ്യങ്ങളും എനിക്ക് അറിയാം. വിശ്വാസ്യത ഞാന്‍ സൂക്ഷിക്കാറുണ്ട്. നിങ്ങള്‍ ഗോപ്യമായി പറയുന്ന കാര്യങ്ങള്‍ തല്ലിക്കൊന്നാലും പറയില്ല. ഞാന്‍ തുറന്നു പറയുന്ന ആളാണ്‌. പക്ഷെ ഇത്തരം കാര്യങ്ങള്‍ ഞാന്‍ പറയാറില്ല. പറയേണ്ട കാര്യമില്ല. അതാണ്‌ വിശ്വാസ്യത എന്ന് പറയുന്നത്. ഞാന്‍ തോമസ് ചാണ്ടിയെക്കുറിച്ച് കാബിനെറ്റില്‍ സംസാരിച്ചില്ല. സംസാരിക്കേണ്ട കാര്യമില്ല. റിപ്പോര്‍ട്ടറെ മനപൂര്‍വം തെറ്റിദ്ധരിപ്പിച്ചതാണ്. ആ പുള്ളിയെ കാണുമ്പോള്‍ നല്ല നാല് വാചകം ആ വാര്‍ത്ത എഴുതിയ ആള്‍ പറഞ്ഞേക്കണം. ബ്യൂറോ ചീഫ് പറയണം. മേലില്‍ ഇങ്ങിനെ പറയരുത് എന്ന്. ജി.സുധാകരന്‍ പറഞ്ഞു.