ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമയായ പത്മാവതിയില്‍ അഭിനയിച്ച നടി ദീപികയ്ക്കെതിരെ ഭീഷണിയുമായി രജപുത്ര കര്‍ണി സേന രംഗത്തെത്തി. ചിത്രത്തില്‍ റാണി പത്മാവതിയെ അവതരിപ്പിച്ച ദീപികയ്ക്ക് ശൂര്‍പ്പണഖയുടെ ഗതിവരുമെന്നാണ് ഭീഷണി. വേണ്ടിവന്നാല്‍ രാമായണത്തിലെ ശൂര്‍പ്പണഖയെപ്പോലെ ദീപികയുടെ മൂക്ക് ചെത്താന്‍ ഞങ്ങള്‍ മടിക്കില്ല എന്നായിരുന്നു ഭീഷണി. സേനയുടെ രാജസ്ഥാന് ഘടകം അധ്യക്ഷന്‍ മഹിപാല്‍ സിങ് മക്രാനയും കണ്‍വീനര്‍ ലോകേന്ദ്ര സിങ് കാല്വിയുമാണ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തിനിടെയാണ് സേനാ നേതാക്കള്‍ ദീപികയ്ക്കെതിരെയുള്ള ഭീഷണി മുഴക്കിയത്. നേരത്തെ ചിത്രത്തിന്റെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെ തലയറുക്കുമെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നും സേന ഭീഷണി മുഴക്കിയിരുന്നു.
ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ശക്തമായി വിമര്‍ശിച്ചതാണ് ദീപികയ്ക്കെതിരെ തിരിയാന്‍ സേനയെ പ്രേരിപ്പിച്ചത്. രാജ്യം പിന്നോട്ടാണ് യാത്ര ചെയ്യുന്നതെന്നും ഭയാനകമാണ് ഈ അവസ്ഥയെന്നും കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞിരുന്നു. ചിത്രം ഒരുകാരണവശാലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ ഭാരത് ബന്ദ് നടത്തുമെന്നും സേന ഭീഷണി മുഴക്കി.