ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ചെന്നിത്തല

0
45


തൃശൂര്‍: ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഇന്നലെ തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. എതിര്‍പ്പുണ്ടായിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത് സിപിഎമ്മുമായി ചാണ്ടിക്കുള്ള സാമ്പത്തിക ഇടപാടുകള്‍ മൂലമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരപരാധിത്വം ആദ്യം തെളിയിക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്കുമെന്ന് പറയാന്‍ ഇതെന്താ ഓട്ടമത്സരമാണോ എന്നും ചെന്നിത്തല ചോദിച്ചു. ഇതുപോലൊരു ഭരണ അനിശ്ചിതത്വം ഇതുവരെ ഉണ്ടായിട്ടില്ല. ചരിത്രത്തിലെ ആദ്യ സംഭവമാണ് മന്ത്രിസഭായോഗം മന്ത്രിമാര്‍ ബഹിഷ്‌കരിക്കുന്നത്. മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെങ്കില്‍ സിപിഐ മന്ത്രിമാര്‍ ഭരണത്തില്‍ തുടരരുത്. ക്യാബിനെറ്റ് മന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുകയെന്നും ചെന്നിത്തല പരിഹസിച്ചു.

ഒന്നരവര്‍ഷത്തെ ഇടതുഭരണം ജനങ്ങളെ പൂര്‍ണമായും നിരാശരാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കാത്ത മന്ത്രിമാരും മന്ത്രിമാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത മുഖ്യമന്ത്രിയുമാണ് കേരളത്തിലുള്ളത്. പരസ്പരവിശ്വാസമില്ലാത്ത ഈ മുന്നണിക്ക് എങ്ങനെ കേരളത്തെ നയിക്കാനാവുമെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു.