പത്മാവതിക്കെതിരെ നീക്കം ശക്തമാക്കി യുപി സര്‍ക്കാര്‍

0
46


ലഖ്‌നൗ: സഞ്ജയ് ലീലാ ബന്‍സാലിയുടെ ചരിത്ര സിനിമ ‘പത്മാവതി’ക്കെതിരെയുള്ള നീക്കം ശക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കുന്നതിനു മുന്‍പു ജനങ്ങളുടെ വികാരം കൂടി കണക്കിലെടുക്കണമെന്ന് യു.പി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വാര്‍ത്താവിതരണ സെക്രട്ടറിക്ക് സംസ്ഥാന ആഭ്യന്തര മന്ത്രാലയം കത്തയച്ചു.

യുപിയില്‍ ചിത്രത്തിന്റെ റിലീസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചിത്രത്തിനെതിരെ കോലം കത്തിക്കല്‍, മുദ്രാവാക്യം വിളിച്ചുള്ള റാലി, പോസ്റ്ററുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ പ്രതിഷേധങ്ങളാണു ദിവസങ്ങളായി നടക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിയറ്ററുകളുടെയും മള്‍ട്ടിപ്ലക്‌സുകളുടെയും ഉടമകള്‍ക്ക് ഭീഷണിയുമുണ്ട്.

Related image

രാജസ്ഥാനിലെ ഉദയ്പൂരിലെ മേവാര്‍ രാജവംശം നേരത്തെ പത്മാവതിക്കെതിരെ രംഗത്തെത്തിയിരുന്നു. റാണി പത്മാവതിയുടെ പിന്തുടര്‍ച്ചക്കാരന്‍ എം.കെ.വിശ്വരാജ് സിങ് ആണ് പത്മാവതിക്കെതിരെ സംസാരിച്ചത്. തന്റെ പിതാമഹന്‍മാരുടെ പേരു മോശമാക്കുന്ന തരത്തിലാണു ബന്‍സാലി പത്മാവതി ചിത്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തില്‍ നിന്നാണ് സിനിമ രൂപീകരിച്ചതെന്നാണു ബന്‍സാലിയുടെ വിശദീകരണം.

ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ഡിസംബര്‍ ഒന്നിനാണു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.