മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് എന്ത് കാരണം കൊണ്ടാണെങ്കിലും ശരിയായില്ലെന്ന് എ.കെ.ബാലന്‍

0
40


തിരുവനന്തപുരം: കഴിഞ്ഞ ദിവസം സി.പി.ഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് എന്ത് കാരണം കൊണ്ടാണെങ്കിലും അത് ശരിയായില്ലെന്ന് പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. പ്രധാന തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് അവര്‍ വിട്ടുനിന്നത്. സി.പി.ഐക്ക് ഇത് ഭൂഷണമല്ല. മുന്നണിയിലെ ഓരോ പാര്‍ട്ടിക്കും പ്രത്യേകം ഇമേജില്ലെന്നും അത് സര്‍ക്കാരിനേ ഉള്ളൂവെന്നും എ.കെ.ബാലന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തോമസ് ചാണ്ടി രാജിവെക്കുന്നതിന് മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പങ്കെടുത്തിരുന്നില്ല. തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് ബഹിഷ്‌കരണമെന്ന് മന്ത്രിമാര്‍ മുന്‍കൂട്ടി കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ‘അസാധാരണ സംഭവം’ എന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം, മുഖ്യമന്ത്രിക്ക് മറുപടിയെന്നോണം സി.പി.ഐ പാര്‍ട്ടി പത്രത്തില്‍ പ്രത്യേകം മുഖപ്രസംഗവുമായി രംഗത്തെത്തിയിരുന്നു. അസാധാരണ സാഹചര്യം ഉണ്ടായത് കൊണ്ടാണ് അസാധാരണ നടപടി ഉണ്ടായതെന്നായിരുന്നു സി.പി.ഐയുടെ വിശദീകരണം. ഇതിനെതിരെയാണ് എ.കെ.ബാലന്‍ രംഗത്തെത്തിയത്.