എം.മനോജ് കുമാര്‍
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയ്ക്ക് ശേഷം എന്‍സിപി വൃത്തങ്ങളില്‍ കടുത്ത നിരാശ. എല്ലാ അടവുകളും പയറ്റിയിട്ടും മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ കഴിയാതെ പോയതിലുള്ള നിരാശയാണ് പാര്‍ട്ടി സംസ്ഥാന വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നത്. അടുത്തെങ്ങും മന്ത്രിസ്ഥാനം തിരികെ ലഭിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടി വൃത്തങ്ങള്ക്കില്ലാത്തതിനാലാണ് ഈ നിരാശ പടരുന്നത്.
ഉള്ള രണ്ടു മന്ത്രിമാര്‍ക്കും ഒഴിയേണ്ടി വന്ന അവസ്ഥയില്‍ ഇനിയൊരു മന്ത്രി സ്ഥാനം അടുത്ത് ലഭിക്കുമെന്ന് പ്രതീക്ഷയില്ല-എന്‍സിപി സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ടപ്പോള്‍ 24 കേരളയ്ക്ക് ലഭിച്ചത് ഈ ഉത്തരമാണ്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ പിടിമുറുക്കുന്ന ഈ നിരാശ അങ്ങ് ദേശീയ നേതൃത്വത്തിനുമുണ്ട്. പതിവില്‍ നിന്നും വിപരീതമായി ശരദ് പവാറും പ്രഫുല്‍ പട്ടേലും അടക്കമുള്ള നേതാക്കള്‍ സജീവമായി ഇടപെട്ട പ്രശ്നം കൂടിയായിരുന്നു തോമസ് ചാണ്ടിയുടെ രാജി.
ഇന്ത്യയില്‍ പാര്‍ട്ടിക്ക് നിലവിലുള്ള ഏക മന്ത്രി മന്ത്രി സ്ഥാനമായിരുന്നു കേരളത്തിലേത്.
അതുകൊണ്ട് തന്നെയാണ് ശരദ് പവാര്‍ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചത്. എന്നിട്ടും മുഖ്യമന്ത്രിക്ക് കൂടി തോമസ് ചാണ്ടിയുടെ രാജിക്കാര്യം പിടിച്ചു വയ്ക്കാനോ വൈകിപ്പിക്കാനോ കഴിഞ്ഞില്ല. സ്വയം കുഴി തോണ്ടിയത് തോമസ് ചാണ്ടി തന്നെയാണെന്ന അഭിപ്രായം പാര്‍ട്ടി നേതാക്കള്‍ക്കിടയിലുമുണ്ട്.
മന്ത്രി സ്ഥാനത്തിരിക്കെ മന്ത്രിയെന്ന നിലയില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയാണ് തോമസ് ചാണ്ടിയെ മന്ത്രിയല്ലാതാക്കിയത്. ഈ ഹര്‍ജി ഭരണഘടനാ വിരുദ്ധമാണെന്നും രാജി വയ്ക്കുകയാണ് നല്ലതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
മന്ത്രി കാബിനെറ്റ് തീരുമാനത്തിനെതിരെ ഹര്‍ജി നല്കി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമാക്കിയെന്നും ഹൈക്കോടതി നിരീക്ഷിച്ചപ്പോള്‍ സ്വതേ ചാണ്ടിയോട് ഇടഞ്ഞു നില്‍ക്കുകയായിരുന്ന സിപിഐ ഇത് അവസരമാക്കി മാറ്റി.
തോമസ് ചാണ്ടി ഹൈക്കോടതിയില്‍ കളക്ടര്‍ക്കെതിരെ ഹര്‍ജി നല്കാതിരുന്നെങ്കില് ഒരു പക്ഷെ മന്ത്രിസ്ഥാനത്ത് തുടര്‍ന്നേനെ എന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ തന്നെ സംസാരമുണ്ട്. ഇതും കൂടാതെ കാനം നയിച്ച ജനജാഗ്രതാ യാത്ര കുട്ടനാട് എത്തിയപ്പോള്‍ അധ്യക്ഷത വഹിച്ച മന്ത്രി കൂടിയായ തോമസ് ചാണ്ടി ജനജാഗ്രതാ യാത്രയെ തന്നെ നിഷ്പ്രഭമാക്കി കായല്‍കയ്യേറ്റ പ്രശ്നത്തില്‍ വെല്ലുവിളികള്‍ നടത്തി. ഇതും വിവാദമായി. രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും സ്വയം കുഴി തോണ്ടുകയാണോ എന്ന് മുഖ്യമന്ത്രി തന്നെ ശകാരിക്കേണ്ട അവസ്ഥയുണ്ടാക്കി. എല്‍ഡിഎഫ് യോഗം കൂടിയപ്പോള്‍ സിപിഐ നേതാക്കള്‍ക്കെതിരെ വെല്ലുവിളി നടത്തി. മുഖ്യമന്ത്രി പറഞ്ഞതുപോലെ തോമസ് ചാണ്ടി സ്വയം ചെയ്ത എല്ലാ കാര്യങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം തെറുപ്പിച്ചു.
തോമസ് ചാണ്ടിയുടെ നീക്കങ്ങള്‍ എല്ലാം തന്നെ എന്‍സിപിക്കും അവരുടെ ദേശീയ നേതൃത്വത്തിനും സിപിഎമ്മിനും ഇടത് മുന്നണിക്കും ചീത്തപ്പേരുണ്ടാക്കി. എന്നിട്ടോ മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ തോമസ് ചാണ്ടിക്ക് കഴിഞ്ഞതുമില്ല. അപമാനങ്ങള്‍ കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്തു.
രാജി നല്കിയ മന്ത്രി ഔദ്യോഗിക വാഹനം ഉപയോഗിക്കുന്ന പതിവില്ല. എന്നാല്‍ തോമസ് ചാണ്ടി പൊലീസ് അകമ്പടിയോടെ ആലപ്പുഴയ്ക്ക് തിരിച്ചു. വഴിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ചീമുട്ടയുമായി മന്ത്രി വാഹനത്തെ വരവേറ്റു. മുട്ടയേറില്‍ കാര്‍ കഴുകാന്‍ പൊലീസ് സ്റ്റേഷനില്‍ പോകേണ്ടി വന്നു. ഹമ്പിന്നടുത്ത് വെച്ചാണ് മുട്ടയേറ് എന്നതിനാള്‍ മുട്ടകള്‍ പാഴായതുമില്ല. കാര്‍ കഴുകും വരെ തോമസ് ചാണ്ടി കാറിനകത്ത് തന്നെ ഇരുന്നു.
പൊലീസിന് ആളുകളെ നിയന്ത്രിക്കേണ്ടിയും വാഹനം കഴുകിക്കൊടുക്കേണ്ടിയും വന്നു. ഇതെല്ലാം എന്‍സിപിയെന്ന നിലയില്‍ പാര്‍ട്ടിയുടെ ഇമേജ് ഉരുക്കിക്കളഞ്ഞു. എന്നാല്‍ ഇതുപോലെത്തന്നെ ആരോപണമുണ്ടായപ്പോള്‍ എ.കെ.ശശീന്ദ്രന് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. മന്ത്രിയായിരുന്ന ശശീന്ദ്രന് മംഗളം ചാനല്‍ ഒരുക്കിയ ഹണി ട്രാപ്പില്‍ കുരുങ്ങിയാണ് പുറത്തായത്.
‘അപവാദം വന്ന ഉടന്‍ രാജിവെച്ചു. രാജിവെച്ചില്ലെങ്കില്‍ എത്ര പൊലീസ് ജലപീരങ്കികള്‍ ഗര്‍ജ്ജിക്കേണ്ടി വരും. എത്ര പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ക്ക് ലാത്തിയടിയേല്‍ക്കേണ്ടി വരും. ഞാന്‍ ഒന്നിനും വഴിവെക്കാന്‍ ആഗ്രഹിച്ചില്ല. രാജി തന്നെ നല്കി’- രാജിവെച്ച ദിവസം മന്ത്രിവസതിയില്‍ എത്തി ഈ ലേഖകന്‍ എ.കെ.ശശീന്ദ്രനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തന്നെ അമ്പരപ്പിച്ച രാജി തീരുമാനമായിരുന്നു എ.കെ.ശശീന്ദ്രന്റേത്. രാജി തീരുമാനം അറിയിച്ചപ്പോള്‍ ‘ശശീന്ദ്രന്റെ തീരുമാനം അങ്ങിനെയെങ്കില്‍ ശരി’ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. ശശീന്ദ്രന് രാഷ്ട്രീയക്കാരനാണ്. തോമസ് ചാണ്ടി ശശീന്ദ്രനെപോലെ രാഷ്ട്രീയക്കാരനല്ല. സമ്പത്തിന്റെ പിന്‍ബലത്തില്‍ രാഷ്ട്രീയത്തില്‍ എത്തിപ്പെട്ടതാണ്. എന്‍സിപിയില്‍ ആയിരുന്നതിനാലും ശശീന്ദ്രന് ഹണി ട്രാപ്പില്‍ കുരുങ്ങിയതിനാലും മന്ത്രിയായി. പക്ഷെ ആ മന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ എല്ലാ ദുഷ്പ്പേരും പാര്‍ട്ടിക്ക് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.
പാര്‍ട്ടിയുടെ മേല്‍വിലാസം നഷ്ടമാക്കിയ തോമസ് ചാണ്ടിയുടെ ചെയ്തികള്‍ പാര്‍ട്ടി നേതൃത്വത്തിനു മുന്നിലുണ്ട്. പക്ഷെ ആരും ഒന്നും മിണ്ടുന്നില്ല. മിണ്ടിയാല്‍ പാര്‍ട്ടിയുടെ യൂത്ത് വിങ്ങിന്റെ പ്രസിഡന്റ് മുജീബ് റഹ്മാന്റെ അനുഭവം വരും. പുറത്താക്കല്‍. തോമസ് ചാണ്ടിയെ ചാനല്‍ ചര്‍ച്ചകളില്‍ വിമര്‍ശിച്ചപ്പോള്‍ മുജീബ് റഹ്മാനെ ദേശീയ നേതൃത്വം എന്‍സിപിയില്‍ നിന്നുതന്നെ പുറത്താക്കി. അതുകൊണ്ട് തന്നെ എല്ലാവരും അവസരം കാക്കുകയാണ്. ഈ അവസരം കഴിഞ്ഞ കൊച്ചിയിലെ എന്‍സിപി യോഗത്തില്‍ അവര്‍ പ്രകടിപ്പിച്ചു.
പാര്‍ട്ടി നേതാക്കള്‍ കിട്ടിയ അവസരം മുതലാക്കി തട്ടിക്കയറിയാണ് തോമസ് ചാണ്ടിയുടെ രാജി എന്ന തീരുമാനം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും നിലവിലെ സംസ്ഥാന പ്രസിഡന്റുമായ പീതാംബരന് മാസ്റ്ററെക്കൊണ്ട് അംഗീകരിപ്പിച്ചത്.
ആര് ആദ്യം കുറ്റവിമുക്തനാകും. ആ നേതാവിനു മന്ത്രിയായി തിരിച്ചുവരാം എന്ന് പറയേണ്ട ഗതികേടാണ് രണ്ടു മന്ത്രിമാരും കൂടി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പീതാംബരന് മാസ്റ്ററിന് വരുത്തിവെച്ചത്. പക്ഷേ തോമസ് ചാണ്ടിക്ക് തിരിച്ചു വരുക എളുപ്പമല്ല. മന്ത്രി ഭരണഘടനയ്ക്ക് വിരുദ്ധമായി പെരുമാറി എന്ന് ജഡ്ജ്മെന്റില് ഹൈക്കോടതി എഴുതിവെച്ചിട്ടുണ്ട്. തോമസ് ചാണ്ടി നല്കിയ ഹര്‍ജിയുടെ വിധിയാണിത്.
ശശീന്ദ്രന് കുരുങ്ങിയ ഹണി ട്രാപ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് വിധി വന്നിട്ടില്ല. അത് അടുത്ത മാസം വരും എന്നാണു പാര്‍ട്ടി നേതൃത്വം കരുതുന്നത്. അടുത്ത മാസം വിധി വന്നേ കഴിയൂ. കാരണം സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് പി.എ.ആന്റണി കമ്മിഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയത് ഡിസംബര്‍ വരെയാണ്. അടുത്ത മാസം ശശീന്ദ്രന് കേസിലെ കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാരും പ്രതീക്ഷിക്കുന്നുണ്ട്. അത് കഴിഞ്ഞാല്‍ മാത്രമേ ശശീന്ദ്രന്റെ കാര്യത്തില്‍ ഒരു തീരുമാനം പറയാന്‍ കഴിയൂ.
പക്ഷെ ശശീന്ദ്രനും മന്ത്രി സ്ഥാനം തിരികെ നല്‍കുക എന്ന് എളുപ്പമല്ലാ എന്നത് എന്‍സിപിക്കും സര്‍ക്കാരിനും ഇടതുമുന്നണിക്കും സിപിഎമ്മിനുമറിയാം. അധികാരത്തില്‍ വന്ന മുന്നണിയില്‍ ഉണ്ടായിരുന്നിട്ടും എംഎല്‍എമാര്‍ ഉണ്ടായിട്ടും രണ്ടു പേര്‍ക്കും വ്യത്യസ്ത കാരണങ്ങളാല്‍ മന്ത്രി സ്ഥാനം ലഭിച്ചിട്ടും ഒരു മന്ത്രിയേയും നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഇതൊക്കെ കൊണ്ടുതന്നെ നിരാശയുടെ പടുകുഴിയിലാണ് എന്‍സിപി ഇപ്പോള്‍.