ഐ.എസ്.എല്‍ മത്സരം കാണാന്‍ ആരാധകരുടെ പ്രവാഹം

0
56

കൊച്ചി: ഐ.എസ്.എല്‍ പുതിയ സീസണിന് ഇന്ന് തുടക്കം. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളിതുടങ്ങാന്‍ ഇനി കുറച്ചു സമയം കൂടി മാത്രം. കേരള ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടന മത്സരം.

മത്സരം കാണാന്‍ ആരാധകരുടെ പ്രവാഹമാണ്. മൂന്നര മുതല്‍ സ്‌റ്റേഡിയം തുറന്നുകൊടുത്തതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞ് മഞ്ഞയില്‍ കുളിച്ച് വന്‍ ആരാധകക്കൂട്ടമാണ് എത്തിയിരിക്കുന്നത് ആറരയ്ക്ക ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കും. എട്ടു മണിക്കാണ് മത്സരം തുടങ്ങുക.

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും അടങ്ങുന്ന താരനിരയാണ് ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടുക. സല്‍മാനെയും കത്രീനയെയുമൊക്കെ അവതരിപ്പിക്കാന്‍ പ്രത്യേക വേദിയും മൈതാനത്ത് ഒരുക്കിയിട്ടുണ്ട്.

അതിനിടയില്‍ ടിക്കറ്റ് ലഭ്യമാകാത്തതിന് തുടര്‍ന്ന് പ്രതിഷേധവുമായി ആരാധകര്‍ രംഗത്തുവന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് രംഗത്തെത്തിയെങ്കിലും ആരാധകരുടെ രോഷം അടങ്ങിയില്ല. ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്താണ് ആരാധകര്‍ രോഷം തീര്‍ത്തത്.