ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

0
30


ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. 70 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.

മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ആദ്യഘട്ട പട്ടികയിലുണ്ട്. സൗരാഷ്ട്രയിലെ രാജ്കോട്ട് വെസ്റ്റില്‍ നിന്നാണ് വിജയ് രൂപാണി മത്സരിക്കുന്നത്. മെഹ്സാനയിലാണ് നിതിന്‍ പട്ടേല്‍ മത്സരിക്കുന്നത്. ബിജെപിക്ക് ജയസാധ്യത ഉറപ്പുള്ള മണ്ഡലമാണ് വിജയ് രൂപാണി മത്സരിക്കുന്ന രാജ്കോട്ട് വെസ്റ്റ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതു വഖാനി ഭാവ്നഗര്‍ വെസ്റ്റില്‍ നിന്ന് മത്സരിക്കും. അടുത്തിടെ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ എംഎല്‍എ രാഘവ്ജി പട്ടേല്‍ ജംനഗറില്‍ നിന്നാണ് മത്സരിക്കുക. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ രാംനീഷ് പര്‍മാര്‍, സി.കെ.റാലോജി എന്നിവരും ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.