ഗോഡ്‌സെയുടെ പ്രതിമ നീക്കം ചെയ്യാന്‍ ഹിന്ദുമഹാസഭയ്ക്ക് നോട്ടീസ്

0
64

ഗ്വാളിയോര്‍: ഭോപ്പാലിലെ ഹിന്ദുമഹാസഭ ഓഫീസില്‍ സ്ഥാപിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ എത്രയും വേഗം നീക്കം ചെയ്യാന്‍ ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ക്ഷേത്രം വേണ്ട എന്ന് പറഞ്ഞാല്‍ വിഗ്രഹാരാധനയും വേണ്ട എന്നാണെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭയോട് ജില്ലാഭരണകൂടം അറിയിച്ചു.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ശിവ് രാജ് സിങ് വര്‍മ്മയാണ് ഹിന്ദുമഹാസഭ വൈസ് പ്രസിഡന്റ് ജയ് വീര്‍ ഭാരദ്വാജിന് നോട്ടീസ് അയച്ചത്. പ്രതിമ സ്ഥാപിച്ച് പൂജ നടത്തുകയും ആരാധിക്കുകയും ചെയ്തതിലൂടെ ആ സ്ഥലത്തെ ക്ഷേത്രമെന്ന് സ്വയം വിശേഷിപ്പിക്കുകയായിരുന്നു സംഘടനയെന്ന് നോട്ടീസില്‍ പറയുന്നു.

ഇത് 2001ലെ ക്ഷേത്രനിര്‍മ്മാണ നിയമത്തിന്റെ ലംഘനമാണ്. അഞ്ച് ദിവസത്തിനകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും പ്രതിമ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. അല്ലാത്ത പക്ഷം ശക്തമായ നിയമനടപടികള്‍ക്ക് സംഘടന വിധേയരാവേണ്ടിവരുമെന്നും മജിസ്ട്രേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്വന്തം സ്ഥലത്ത് എന്തും നിര്‍മ്മിക്കാനുള്ള അവകാശം ഒരു ഇന്ത്യന്‍ പൗരന് ഉണ്ടെന്നിരിക്കെ ഹിന്ദുമഹാസഭ യാതൊരു നിയലംഘനവും നടത്തിയിട്ടില്ലെന്ന് ജയ് വീര്‍ ഭാരദ്വാജ് പ്രതികരിച്ചു.

ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ ഗ്വാളിയോര്‍ ഭരണകൂടം നിഷേധിച്ചതോടെയാണ് ഭോപ്പാലിലെ ഓഫീസില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ആരാധനയും പൂജയും ആരംഭിച്ചത്.