ന്യൂഡല്‍ഹി: വിരമിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കര്ണന് ഔദ്യോഗിക കാലത്ത് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ പുറപ്പെടുവിച്ച കോടതി ഉത്തരവുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയാലുടനെ പ്രസിദ്ധീകരിക്കാനിരിക്കുന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്കൊപ്പമായിരിക്കും പുസ്തകരൂപത്തില്‍ ഈ ഉത്തരവുകളും ഉള്‍പ്പെടുത്തുക.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ന്യായാധിപന്മാര്ക്ക് അഞ്ച് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചതടക്കം കര്ണന് പുറപ്പെടുവിച്ച 22 ഉത്തരവുകളാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുക. പ്രസിദ്ധീകരണത്തിന് ആവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ കര്ണന് തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് ഡബ്ല്യൂ പീറ്റര്‍ രമേഷ് വ്യക്തമാക്കി. കോടതി അലക്ഷ്യ നടപടി നേരിടുന്ന കര്ണന് ഡിസംബര്‍ 10ന് ജയില്‍ മോചിതനാകും.
മെയ് ഒമ്പതിനാണ് കോടതി അലക്ഷ്യത്തിന് സുപ്രീംകോടതി ഏഴംഗ ബഞ്ച് കര്ണന് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചത്. തുടര്‍ന്ന് ഒളിവിലായിരുന്ന കര്‍ണനെ ഒന്നര മാസത്തിന് ശേഷം ജൂണ്‍ 20 ഓടെ കോയമ്പത്തൂരില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.