ഡല്‍ഹിയിലെ പുകമഞ്ഞിന്റെ ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്

0
63

ന്യൂഡല്‍ഹി: ഡല്‍ഹിയെ മൂടിയിരിക്കുന്ന പുകമഞ്ഞിന്റെ ഉറവിടം ഗള്‍ഫില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. പുകമഞ്ഞിന്റെ 40 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കേന്ദ്രസര്‍ക്കാരിന്റെ വായുശുദ്ധി ഗവേഷണ കേന്ദ്രമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് വിഭാഗവും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പൊടിക്കാറ്റാണു നവംബര്‍ ആറു മുതല്‍ 14 വരെ ഡല്‍ഹിയിലേക്ക് എത്തിയതെന്നാണു കണ്ടെത്തല്‍. നേരത്തേതന്നെ ഡല്‍ഹിയിലെ വായുശുദ്ധി മോശമായിരുന്നെങ്കിലും നവംബര്‍ എട്ടിനു ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് 478 ആകുകയും ചെയ്തിരുന്നു. ബാഹ്യഘടകങ്ങള്‍ വായുശുദ്ധിയെ ബാധിച്ചിരുന്നില്ലെങ്കില്‍ പിഎം 2.5 എന്നതിന്റെ അളവ് 200 എംജിയില്‍ നിര്‍ത്താനായേനെ. ഇപ്പോള്‍ 640 എംജിയാണ് അളവ്.

ഗള്‍ഫില്‍ ഒക്ടോബര്‍ അവസാന വാരത്തില്‍ ആരംഭിച്ച പൊടിക്കാറ്റ് ഈ മാസം നാലാം തീയതി വരെ വീശിയിരുന്നു. ഇതിനൊപ്പം തണുത്ത കാറ്റും വീശിയടിച്ചു. ഈ ശക്തമായ കാറ്റാണ് ഇത്രയും പൊടിക്കാറ്റിനെ ഡല്‍ഹിയിലെത്തിച്ചത്. ഇതിനൊപ്പം പഞ്ചാബും ഉത്തര്‍പ്രദേശും ഹരിയാനയും കൊയ്തെടുത്ത നിലത്തു ബാക്കിവന്ന കച്ചി കത്തിക്കുകയും ചെയ്തതോടെ സ്ഥിതി അതീവ രൂക്ഷമാവുകയായിരുന്നു. നവംബര്‍ ആറിനാണ് ഈ സംസ്ഥാനങ്ങള്‍ കച്ചി കത്തിച്ചത്. ഇതിന് പിന്നാലെയുണ്ടായ വടക്കു പടിഞ്ഞാറന്‍ കാറ്റ് ഡല്‍ഹിയിലെ മലിനീകരണത്തിന് ആക്കം കൂട്ടി.

അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുകയും ട്രക്കുകളുടെ പ്രവേശനം വിലക്കുകയും മറ്റും ചെയ്തുള്ള നടപടികള്‍ മൂലം വായുശുദ്ധിയില്‍ 15 ശതമാനത്തോളം മാറ്റം വന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 10നു രാത്രിക്കുശേഷം തീ കത്തിക്കലോ, ഗള്‍ഫില്‍നിന്നുള്ള പൊടിക്കാറ്റോ ഉണ്ടായിട്ടില്ല. ഇതും മലിനീകരണത്തോതില്‍ കുറവു വരാന്‍ സഹായിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെ അവസ്ഥയ്ക്കു മാറ്റം വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളില്‍നിന്നുള്ള മലിനീകരണം 25 ശതമാനവും ബാക്കിയുള്ള 35% ഡല്‍ഹി -ദേശീയ തലസ്ഥാന മേഖലയിലെ മലിനീകരണവുമാണെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.