കാനം വിമതരെ സിപിഎം കുത്തിപ്പൊക്കുമോ? സിപിഐയ്ക്കുള്ള സിപിഎമ്മിന്റെ തിരിച്ചടി എന്ത്?

0
221

എം.മനോജ് കുമാര്‍

തിരുവനന്തപുരം: തോമസ്‌ ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ച സിപിഐ നിലപാടിനെച്ചൊല്ലി ഉടലെടുത്ത സിപിഎം-സിപിഐ ഭിന്നത ദേശീയതലത്തിലേക്ക് വ്യാപിക്കുന്നു. മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ച സിപിഐ നടപടി മുഖ്യമന്ത്രി പിണറായി വിജയന്‍ അസാധാരണ നടപടിയായി വിലയിരുത്തുകയും അത് അവൈലബിള്‍ പിബിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ടതോടെയാണ് സിപിഎം-സിപിഐ തര്‍ക്കം ദേശീയ തലത്തിലേക്ക് വഴിമാറുന്നത്.

അവൈലബിള്‍ പിബി നിര്‍ദ്ദേശം അനുസരിച്ചാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ എകെജി സെന്‍ററില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും സിപിഐ നിലപാടിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തത്. മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ച സിപിഐ നടപടി അപക്വം എന്നാണു കോടിയേരി വിശേഷിപ്പിച്ചത്. കോടിയേരിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെയാണ്‌ സിപിഐ നിര്‍ദ്ദേശമനുസരിച്ച് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു വാര്‍ത്താസമ്മേളനം വിളിച്ചു സിപിഐ നിലപാട് വിശദീകരിച്ചത്.

തോമസ് ചാണ്ടിയുടെ രാജിയിലുള്ള ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടാ എന്നാണു കോടിയേരിക്ക് മറുപടിയായി പ്രകാശ് ബാബു പറഞ്ഞത്. തോമസ് ചാണ്ടിയുടെ രാജി സിപിഎമ്മിന്റെ മനസിലുണ്ടായിരുന്നു എന്ന കാര്യം തങ്ങള്‍ക്കെങ്ങിനെ അറിയാന്‍ കഴിയും എന്നാണു പ്രകാശ്‌ ബാബു ചോദിച്ചത്. എന്നാല്‍ അതിനു സിപിഎം നല്‍കുന്ന മറുപടി എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ പങ്കെടുത്തതാണല്ലോ, യോഗതീരുമാനം സിപിഎമ്മിന് പോലെ സിപിഐക്കും അറിയാവുന്നതാണല്ലോ എന്നാണ്.

ഇതിനിടയില്‍ തന്നെ വന്ന ജനയുഗം മുഖപ്രസംഗവും അതിനു ദേശാഭിമാനി മുഖപ്രസംഗത്തിലൂടെ നല്‍കിയ മറുപടിയും ബന്ധം ഉലയാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള പോരില്‍ ആരംഭിച്ച സിപിഐ-സിപിഎം പോര് തോമസ്‌ ചാണ്ടി വിഷയം വന്നതോടെ വഴിമാറി നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ വഴിയിലേക്ക് പോവുകയായിരുന്നു.

”തോമസ്‌ ചാണ്ടി വിഷയം മാത്രമാണ് ഇപ്പോഴുള്ള സിപിഐയുടെ എതിര്‍പ്പിനു പിന്നിലെന്ന് കരുതുന്നില്ല. സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മനിരീക്ഷണം നടത്തുകയാണ്’- ഒരുന്നത സിപിഎം നേതാവ് 24 കേരളയോടു പ്രതികരിച്ചു. മുന്നണി സംവിധാനത്തിനു നിരക്കാത്ത നടപടികളാണ് സിപിഐയുടെ ഭാഗത്ത് നിന്നും വരുന്നത്. മറുകണ്ടം ചാടാനാണോ സിപിഐ നീക്കം എന്ന് സംശയിക്കേണ്ട അവസ്ഥയുണ്ട്. കോണ്‍ഗ്രസുമായി പോലും ഒരു ധാരണക്കുള്ള ശ്രമം ഇതിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ട അവസ്ഥയുമുണ്ട്.

എല്‍ഡിഎഫിന് ഗുണകരമായ വിധത്തിലുള്ള പോക്കല്ല സിപിഐയുടേത്. മുന്‍പും കുറുമുന്നണിക്ക് ശ്രമിച്ചിരുന്നവരാണ് സിപിഐ. ഇപ്പോഴും സിപിഐ നീക്കം ഒരു കുറുമുന്നണിക്കാണോ എന്ന് സംശയിക്കേണ്ടി വരുന്നുമുണ്ട്. തോമസ് ചാണ്ടി രാജിവയ്ക്കും എന്ന് സിപിഎമ്മിനും സിപിഐക്കും ഒരുപോലെ അറിവുണ്ടായിരുന്നതാണ്. എന്നിട്ടും സിപിഐ ഈ കാര്യത്തില്‍ അജ്ഞത നടിക്കുകയാണ്. തോമസ്‌ ചാണ്ടി കാര്യത്തില്‍ എല്‍ഡിഎഫിലും ഒരു ധാരണയുണ്ടായിരുന്നു. ഇതും സിപിഐക്ക് അറിയാമായിരുന്നു. സിപിഐയുടെ മുന്‍കാല ചരിത്രം എടുത്താല്‍ മറുകണ്ടം ചാടലിനു മടികാണിക്കാത്ത പാരമ്പര്യവുമാണ് സിപിഎം നേതാവ് പറഞ്ഞു.

സിപിഎം നീക്കങ്ങള്‍ കരുതലോടെയാണ് എന്നത് നേതാവിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. മറുഭാഗത്ത് സിപിഐയിലും അസ്വസ്ഥതയുണ്ട്. കടുത്ത നടപടികള്‍ സിപിഎം കൈക്കൊള്ളുമോ എന്ന ആശങ്ക. കാരണം കാബിനെറ്റ്‌ യോഗം ബഹിഷ്ക്കരിച്ചതോടെ സിപിഐ മോശക്കാരനാക്കിയത് സിപിഎമ്മിന്റെ ഏറ്റവും ഉന്നത നേതാവായ മുഖ്യമന്ത്രി പിണറായി വിജയനെയാണ്. മുഖ്യമന്ത്രിയെ വിശ്വസിക്കാത്ത നടപടിയാണ് തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് സിപിഐക്കുള്ളില്‍ തന്നെ വിലയിരുത്തലുണ്ട്.

കാനം വിരുദ്ധരെ സിപിഎം പ്രോത്സാഹിപ്പിക്കുമോ എന്നും പാര്‍ട്ടിയില്‍ ആശങ്കയുണ്ട്. സിപിഎമ്മിനോടു താത്പര്യമുള്ള നേതാക്കള്‍ ഇപ്പോള്‍ സിപിഐയില്‍ ഒതുക്കപ്പെട്ട നിലയിലാണ്. കെ.ഇ.ഇസ്മായിലിനെപ്പോലുള്ള നേതാക്കള്‍ തത്ക്കാലം സിപിഐയില്‍ ഒതുങ്ങിക്കഴിയുകയാണ്. ഒരു തിരിച്ചടി സിപിഐ ഭയക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കാരണം സിപിഐക്ക് നിലവിലുള്ള എംഎല്‍എമാരുടെ വിജയ വോട്ടുകള്‍ സമ്മാനിക്കുന്നത് പല നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മാണ്. സിപിഎമ്മിന്റെ പിന്തുണയില്ലായ്മ വരുന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഐക്ക് തിരിച്ചടിയാകും എന്നും പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തലുണ്ട്.

മന്ത്രിസഭാ ബഹിഷ്ക്കരണത്തിലൂടെ, അവസാന നീക്കം തന്നെ സിപിഐ ആദ്യം നടത്തി എന്നും വിലയിരുത്തലുണ്ട്. 1969 ലും ഇതുപോലെ സമാന്തര നീക്കം സിപിഐ നടത്തിയിട്ടുണ്ട്. ഇഎംഎസ് മന്ത്രിസഭയുടെ കാലത്തായിരുന്നു ഈ നീക്കങ്ങള്‍. സിപിഐ നേതാക്കന്മാരായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായരും ടി.വി.തോമസുമാണ് മന്ത്രിസഭാ യോഗങ്ങള്‍ ബഹിഷ്ക്കരിച്ചത്. അന്ന് പക്ഷെ സിപിഐ വളരെ ശക്തരും സ്വതന്ത്ര രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ കരുത്തുള്ളവരുമായിരുന്നു. കോണ്‍ഗ്രസുമായി കുറുമുന്നണിയുണ്ടാക്കി സിപിഎമ്മിനെ ഒന്നര പതിറ്റാണ്ട് കാലത്തോളം ഭരണത്തിനു പുറത്ത് നിറുത്തിയ ചരിത്രവും സിപിഐയ്ക്കുണ്ട്. അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ.കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന ആ കാലം.

പിന്നീടാണ് സിപിഎം സഖ്യവുമായി സിപിഐ വരുന്നത്. അതുകൊണ്ട് തന്നെ പരസ്പരമുള്ള ഒരു അവിശ്വാസം ആ കാലഘട്ടം മുതല്‍ ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്. അതിന്റെ പ്രതിഫലനം തന്നെയാണ് മൂന്നാര്‍ കയ്യേറ്റ പ്രശ്നത്തിലും ഇപ്പോഴുള്ള തോമസ്‌ ചാണ്ടി രാജി പ്രശ്നത്തിലും നിഴലിക്കുന്നത്. സിപിഎം പ്രതീക്ഷിക്കുന്നത് കെ.ഇ. ഇസ്മായിലിനൊപ്പമുള്ള സിപിഐ നേതൃനിര മന്ത്രിസഭാ ബഹിഷ്ക്കരണം തെറ്റായ നടപടിയായി ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് തന്നെയാണ്. അത്തരം രാഷ്ട്രീയ നീക്കങ്ങള്‍ വന്നാല്‍ സിപിഐയിലും അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതാണ് സിപിഐ ഭയപ്പെടുന്നത്.

കാനം വിരുദ്ധരെ പിന്തുണയ്ക്കുന്ന നടപടിയുമായി സിപിഎം വന്നാല്‍ അത് സിപിഐക്ക് രാഷ്ട്രീയ തിരിച്ചടിയാകും. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം ആവശ്യപ്പെടുന്നത് സിപിഎമ്മല്ല സിപിഐയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം യാഥാര്‍ത്ഥ്യമാക്കാന്‍ കൊതിക്കുന്ന സിപിഐ ഇങ്ങിനെയാണോ പെരുമാറേണ്ടത് എന്നാണു സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെ ചോദ്യം ഉയരുന്നത്. ഈ ചോദ്യം സിപിഐയെ അസ്വസ്ഥതപ്പെടുത്തുംവിധം വളരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.