മൂന്നാര്‍ ഹര്‍ത്താലിന് പങ്കെടുക്കുന്നില്ലെന്ന് കാണിച്ച് സിപിഐയുടെ നോട്ടീസ്

0
46

 

മൂന്നാര്‍: മൂന്നാര്‍ പ്രദേശത്ത് ചൊവ്വാഴ്ച്ച നടത്തുന്ന ഹര്‍ത്താലില്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന് കാണിച്ച് സിപിഐയുടെ നോട്ടീസ്. സിപിഎമ്മും ഹൈറേഞ്ച് സംരക്ഷണ സമിതിയും ചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ മണ്ഡലം സെക്രട്ടറി പി.പളനിവേലിന്റെ പേരിലാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്.

റവന്യൂ വകുപ്പിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ ആരെ സംരക്ഷിക്കാനാണെന്ന് ചോദിച്ചുകൊണ്ടാണ് നോട്ടീസ് ആരംഭിക്കുന്നത്. നോട്ടീസില്‍ സിപിഎമ്മിനെ പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. കയ്യേറ്റലോബിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഹര്‍ത്താലിന് പിന്നിലെന്നും നോട്ടീസില്‍ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വന്തമായി ഭൂമി ഇല്ലാത്ത പാവപ്പെട്ടവര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂമി കൊടുക്കാന്‍ വേണ്ടി വട്ടവട, കൊട്ടക്കൊമ്പൂര്‍ കീഴാന്തൂര്‍, കാന്തല്ലൂര്‍ എന്നീ വില്ലേജുകളില്‍ റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്ഥലങ്ങളില്‍ പലതും കയ്യേറ്റലോബിയുടെ കൈവശമാണുള്ളത്. അവരും അതിന് കൂട്ടുനില്‍ക്കുന്ന ചില രാഷ്ട്രീയനേതാക്കളും ചേര്‍ന്ന് എല്‍ഡിഎഫിന്റെ പട്ടയമേള ഇല്ലാതാക്കാനുള്ള ലക്ഷ്യത്തോടെയാണ് ഹര്‍ത്താലെന്ന് നോട്ടീസില്‍ പറയുന്നു. യാതൊരുവിധത്തിലും പൊതുജനത്തിന് പ്രയോജനം ചെയ്യുന്നതല്ല ഈ ഹര്‍ത്താലെന്ന് മനസ്സിലാക്കിയതിനാല്‍ അതില്‍ പങ്കെടുക്കാനില്ലെന്നും സിപിഐ നോട്ടീസിലൂടെ വ്യക്തമാക്കുന്നു.