ന്യൂഡല്‍ഹി: രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സ്വീകാര്യതയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ സര്‍വെ ഫലം. വാഷിങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസേര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 10 വരെയാണ് പഠനം നടത്തിയത്. 2464 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്.
ദേശീയ നേതാക്കളുടെ സ്വാധീനത്തെ കുറിച്ചുള്ള പഠനത്തില്‍ 88 ശതമാനം പിന്തുണ നേടി പ്രധാനമന്ത്രി മോദി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 58 ശതമാനം പിന്തുണയുള്ളപ്പോള് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് 57 ശതമാനം പിന്തുണയാണുള്ളത്. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും തൊട്ടുപിന്നിലുണ്ട്.
നോട്ട് നിരോധനവും ജിഎസ്ടിയും സര്‍ക്കാരിന് സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ രാജ്യത്താകെ ഉയരുന്നുണ്ടെങ്കിലും അത് പ്രധാനമന്ത്രിയുടെ സ്വീകര്യതയെ ബാധിച്ചിട്ടില്ലെന്നാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണ്ടെത്തല്‍. രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് സ്വീകര്യതയ്ക്ക് നേരിയ തോതിലെങ്കിലും കുറവ് വന്നതെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക നിലയെ കുറിച്ച് അഭിപ്രായം ആരാഞ്ഞതില്‍ പത്തില്‍ എട്ട് പേരും മികച്ചതെന്നായിരുന്നു പ്രതികരിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ തൃപ്തികരമാണെന്ന് ആയിരുന്നു പഠനത്തില്‍ പങ്കെടുത്ത പത്തില്‍ ഏഴു പേരുടേയും പ്രതികരണം. മോദിക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്നാടും കര്‍ണാടകവും അടക്കമുള്ളവ ഉണ്ടെങ്കിലും കേരളം ഉള്‍പ്പെട്ടിട്ടില്ല. ഇന്ത്യയ്ക്ക് പുറമേ പാകിസ്താനിലേയും ചൈനയിലേയും ഭരണാധികാരികളേക്കുറിച്ചും ഭരണനേട്ടങ്ങളെ കുറിച്ചും പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വ്വേ വിശകലനം ചെയ്യുന്നുണ്ട്.