റോഹിംഗ്യന്‍ സ്ത്രീകളെയും കുട്ടികളെയും മ്യാന്‍മര്‍ സൈന്യം കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

0
49

ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളായ നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും മ്യാന്‍മര്‍ സൈനികര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ വെളിപ്പെടുത്തല്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്. ബംഗ്ലാദേശി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയും നേരില്‍ക്കണ്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ബലാത്സംഗത്തിലൂടെയും മറ്റു ക്രൂരതകളിലൂടെയും വംശീയ ഉന്‍മൂലന നടപടിയാണ് റോഹിംഗ്യകള്‍ക്കെതിരെ മ്യാന്‍മാര്‍ സൈന്യം നടപ്പാക്കുന്നത്. നൂറുകണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംം ഈ അതിക്രമങ്ങള്‍ മൂലം ഗുരുതരമായി പരിക്കേല്‍ക്കുകയും മാനസികനില തെറ്റുകയും ചെയ്തതായി ഹ്യൂമണ്‍ റൈറ്റ് വാച്ചിനുവേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയ സ്‌കൈ വീലെര്‍ ചൂണ്ടിക്കാട്ടി.

പഠന സംഘം അഭിമുഖം നടത്തിയ 29 പേരില്‍ ഒരാളൊഴികെ ബാക്കി എല്ലാവരെയും രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. ഇതില്‍ എട്ടുപേരെ അഞ്ചിലധികം പേര്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുന്നതിനെ ചെറുത്ത പുരുഷന്‍മാരെയും പ്രായമായരെയും സൈന്യം ക്രൂരമായി വധിച്ചതായും ഇരകളില്‍ പലരും പറഞ്ഞു.