എം.മനോജ് കുമാര്‍
തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ സാമ്പത്തിക പരിശോധനാ സംവിധാനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു. സര്‍ക്കാര്‍ ഹൈപവര്‍ കമ്മിറ്റി നടത്തിയ സോഷ്യല്‍ ഓഡിറ്റര്‍ റാങ്ക് ലിസ്റ്റും നിലവില്‍ അട്ടിമറിക്കപ്പെട്ട അവസ്ഥയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ വരുന്ന സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവരാതിരിക്കാനും സാമ്പത്തിക പരിശോധന നടപ്പിലാക്കാതിരിക്കാനും വേണ്ടിയാണ് സോഷ്യല്‍ ഓഡിറ്റര്‍ നിയമനം വൈകിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേടും അഴിമതിയും നടത്താനുള്ള ശ്രമങ്ങള്‍ക്ക് തടയിടാനാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മിക്ക സംസ്ഥാനങ്ങളിലും ഈ സംവിധാനം നടപ്പിലായെങ്കിലും കേരളത്തില്‍ ഇതേവരെ നടപ്പിലായിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ചെയ്തവര്‍ക്ക് അവരുടെ ജോലിയെക്കുറിച്ചും ജോലി നടത്തിയ രീതിയെക്കുറിച്ചും അധികാരികളെ പരസ്യമായി ഓഡിറ്റ് ചെയ്യാനുള്ള ഒരു വലിയ അവസരമാണ് സോഷ്യല്‍ ഓഡിറ്റ് സംവിധാനം.
തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി ഒഴിവാക്കുകയും പദ്ധതിയില്‍ സുതാര്യത കൊണ്ടുവരാനും വേണ്ടിയുള്ള നിയമത്തിന്റെ ഭാഗമാണ് സോഷ്യല്‍ ഓഡിറ്റ്. കേന്ദ്രം തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് നല്കുമ്പോള് തന്നെ അതിന്റെ ഭാഗമായി വരുന്നതാണ് സോഷ്യല്‍ ഓഡിറ്റ് സംവിധാനം. പക്ഷെ തൊഴിലുറപ്പ് പദ്ധതി ഫണ്ട് കേരളം വാങ്ങുന്നുണ്ടെങ്കിലും സോഷ്യല്‍ ഓഡിറ്റ് സംവിധാനം ഇതുവരെ കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനോടു സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കണം എന്ന് യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞു നടപ്പിലാക്കാതിരിക്കുകയായിരുന്നു. 2015 ഡിസംബറില്‍ തന്നെ, സോഷ്യല്‍ ഓഡിറ്റ് സംവിധാനം നടപ്പിലാക്കിയില്ലെങ്കില്‍ കേരളത്തിനു പദ്ധതി വിഹിതം നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നിര്‍ബന്ധം സഹിക്കവയ്യാതെ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍, സോഷ്യല്‍ ഓഡിറ്റ് വിദഗ്ദന് ഇങ്ങിനെയൊക്കെയുള്ള ഒരു സോഷ്യല്‍ ഓഡിറ്റ് സംവിധാനത്തിനു കേരളം നടപടി തുടങ്ങി. സോഷ്യല്‍ ഓഡിറ്റ് സംവിധാനം നടപ്പിലാക്കാന്‍ വിദഗ്ദര്‍ക്കായി പരസ്യം നല്കി എന്ന് പറഞ്ഞു ആ വര്‍ഷത്തെ ഫണ്ട് യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും വാങ്ങി. പിന്നീട് ഇടതു സര്‍ക്കാര്‍ ആണ് അധികാരത്തില്‍ വന്നത്.
2016 ഒക്ടോബര്‍ മൂന്നിന് സോഷ്യല്‍ ഓഡിറ്റര്ക്കായി അഭിമുഖം നടത്തി. ഒരു ഹൈപവര്‍ പാനല്‍ ആണ് അഭിമുഖം നടത്തിയത്. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അക്കൗണ്ടന്റ് ജനറല്‍ തുടങ്ങിയവരും കേന്ദ്ര സര്‍ക്കാര്‍ വിദഗ്ദന് കൂടി ഉള്‍പ്പെടുന്നതാണ് ഹൈപവര്‍ പാനല്‍. ആ പാനല്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഒന്നാമത് എത്തിയത് ഡോ.എബി ജോര്‍ജ് ആയിരുന്നു. പക്ഷെ സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി ഡയരക്ടര്‍ ആയി എബി ജോര്‍ജിനെ ഒന്നാമതാക്കി റാങ്ക് ലിസ്റ്റ് പുറത്തു വന്നപ്പോള്‍ സാങ്കേതിക കാരണം പറഞ്ഞു ഈ റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ റദ്ദാക്കി.
പക്ഷെ കേന്ദ്ര സര്‍ക്കാര്‍ വെറുതെയിരുന്നില്ല. ഫണ്ട് നല്‍കില്ലെന്ന് ഭീഷണി മുഴക്കിയപ്പോള്‍ 2017 ഫെബ്രുവരിയില്‍ കേരളാ സര്‍ക്കാര്‍ വീണ്ടും ഓഡിറ്റര്ക്കായി പരസ്യം നല്കി. അപ്പോഴും തിരഞ്ഞെടുപ്പ് നടപടികള്‍ ഇഴഞ്ഞു നീങ്ങി. ഫണ്ട് നല്‍കില്ലെന്ന് കേന്ദ്രം അന്ത്യശാസനം തന്നെ നല്കി. അപ്പോള്‍ കഴിഞ്ഞ ഒക്ടോബറില്‍ വീണ്ടും അഭിമുഖം സര്‍ക്കാര്‍ തീരുമാനിച്ചു. ആ അഭിമുഖത്തിലും ഡോ.എബി ജോര്‍ജിനു ഒന്നാം റാങ്ക് ലഭിച്ചു. എബി ജോര്‍ജിനെ വെട്ടാന്‍ സര്‍ക്കാര്‍ ഒരു നിബന്ധന കൂടി തിരുകിച്ചേര്‍ത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആണെങ്കില്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് എന്‍ ഒ സി വാങ്ങണമെന്ന്. കിലയില്‍ അധ്യാപകനായി തുടരുന്ന എബി ജോര്‍ജിന് സര്‍ക്കാര്‍ എന്‍ ഒ സി നല്കിയാല് മതി. ഇതേ വരെ ഈ എന്‍ഒ സി നല്‍കിയിരുന്നില്ല.
എന്‍ ഒ സി നല്‍കിയില്ലെങ്കില്‍ ലിസ്റ്റിലെ രണ്ടാം റാങ്കുകാരനെ സര്‍ക്കാരിന് പരിഗണിക്കാവുന്നതാണ്. എന്നാല്‍ ഒന്നാം റാങ്കുകാരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. അത് മനപൂര്‍വമായിരുന്നു. നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ നിയമനം തടയാം. എന്‍ഒസി ഇല്ലാ അതിനാല്‍ അഭിമുഖത്തിനു ഹാജരാകാന്‍ കഴിയില്ലാ എന്ന് പറഞ്ഞപ്പോള്‍ എന്‍ഒസി സര്‍ക്കാര്‍ തന്നെയാണ് നല്‍കേണ്ടത് എന്ന് എബി ജോര്‍ജിന് തന്നെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നു. കാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എന്‍ഒസി നല്‍കേണ്ടത്. ആ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ട്. അതിനുശേഷമാണ് അഭിമുഖത്തിനു അനുമതി ലഭിച്ചത്.
ആ അഭിമുഖത്തിലും എബി ജോര്‍ജിന് ഒന്നാം റാങ്ക് ലഭിച്ചു. പക്ഷെ എന്‍ഒസി നല്‍കാതെ സര്‍ക്കാര്‍ തന്നെ എബി ജോര്‍ജിന്റെ അവസരം തടഞ്ഞു. ഇതിനൊരു പിന്നാമ്പുറമുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എബി ജോര്‍ജ് സോഷ്യല്‍ ഓഡിറ്റ് നടത്തിയപ്പോള്‍ സ്വീകരിച്ച കര്‍ശന നിലപാട് കാരണം ഒട്ടനവധി അഴിമതികള്‍ വെളിയില്‍ വന്നു. സോഷ്യല്‍ ഓഡിറ്റര്‍ അഴിമതി കണ്ടുപിടിച്ചാല്‍ ശക്തമായ വകുപ്പുതല നടപടികള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരും. പല ആളുകളും പണം തിരിച്ചടച്ചു. ചിലര്‍ക്ക് സസ്പെന്ഷന് ലഭിച്ചു. ശക്തമായ നിലപാട് പിന്തുടരുന്ന ഒരു ഉദ്യോഗസ്ഥന് സോഷ്യല്‍ ഓഡിറ്റര്‍ ആയി വന്നാല്‍ പല പ്രതിബന്ധങ്ങളും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വരും. ഇതൊഴിവാക്കാനാണ് എബി ജോര്‍ജിന്റെ അവസരം ഇല്ലാതാക്കിയത്.
കാരണം സോഷ്യല്‍ ഓഡിറ്ററുടെ റിപ്പോര്‍ട്ട് പരിശോധിക്കുന്നത് കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറലാണ്. മയത്തിലുള്ള റിപ്പോര്‍ട്ട് അല്ല ശക്തമായ റിപ്പോര്‍ട്ട് ആണെങ്കില്‍ അതേ രീതിയിലുള്ള കണ്ടെത്തലുകള്‍ സിഎജിയും നടത്തും. ഇതാണ് എബി ജോര്‍ജിനെ വെട്ടാനുള്ള പ്രധാന കാരണം. ഇതേ എബി ജോര്‍ജിന് ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് ഡെപ്യൂട്ടേഷന് നല്കിയപ്പോള് ഒരു മടിയും കൂടാതെയാണ് അഞ്ച് വര്‍ഷത്തേയ്ക്കുള്ള എന്‍ ഒ സി സര്‍ക്കാര്‍ നല്‍കിയത്. പക്ഷെ എല്‍എസ് ജിഡിയുടെ തന്നെ ഒരു സ്ഥാപനത്തിലേക്ക് എല്‍ എസ് ജിഡിയില്‍ നിന്ന് തന്നെ ഡെപ്യൂട്ടേഷന് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അത് നല്കിയുമില്ല. അപ്പോള്‍ കാരണം വളരെ വ്യക്തമാണ്.
അംഗന്‍വാടികളില്‍ സോഷ്യല്‍ ഓഡിറ്റ് എബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയപ്പോള്‍ ജോലി
മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കാഷ് അവാര്‍ഡ് എബി ജോര്‍ജിന് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. പക്ഷെ ഇപ്പോള്‍ എബി ജോര്‍ജിന് എന്‍ ഒ സി നല്കാന് നടപടിയായിട്ടുണ്ട് എന്നാണു 24 കേരളയ്ക്ക് അറിയാന്‍ കഴിഞ്ഞത്. യുഡിഎഫ് സര്‍ക്കാരിന് ശേഷം വന്ന ഇപ്പോഴുള്ള എല്‍ഡിഎഫ് സര്‍ക്കാരും ഇതേ രീതിയില്‍ സോഷ്യല്‍ ഓഡിറ്റ് സംവിധാനത്തിനു നേരെ കണ്ണടയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കേന്ദ്രം കണ്ണുരുട്ടുകയും ഫണ്ട് പിടിച്ചു വെയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കാനും അതിനായി സോഷ്യല്‍ ഓഡിറ്ററെ നിയമിക്കാനും നോട്ടിഫിക്കേഷന്‍ നല്‍കിയത്.
സോഷ്യല്‍ ഓഡിറ്റ് നല്‍കുന്നത് ഗ്രാമസഭകളാണ്. ഗ്രാമസഭകള്‍ ചെയ്യുന്നത് തൊഴിലാളികളുടെ മക്കളെ തന്നെ ഓഡിറ്റ് സംവിധാനത്തിലേക്ക് എടുത്ത് ട്രെയിനിംഗ് നല്കി, റിപ്പോര്‍ട്ട് തയ്യാറാക്കി ഗ്രാമസഭയില്‍ കൊണ്ടുവന്ന് വായിക്കലാണ്. സാധാരണക്കാരന്റെ മക്കളെ സോഷ്യല്‍ ഓഡിറ്റിനു പരിശീലനം
നല്കണമെങ്കില് അതിനു ഒരു സ്വതന്ത്ര ഓഡിറ്റ് സംവിധാനം വേണം. ഇതും നിയമത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ കേരളം ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക പരിശോധനാ സംവിധാനം നടപ്പിലായിക്കഴിഞ്ഞു. കേരളത്തില്‍ മാത്രം നിലവില്‍ വന്നില്ല.
ആന്ധ്രയിലും തെലുങ്കാനയിലുമൊക്കെ സോഷ്യല്‍ ഓഡിറ്റ് സംവിധാനം നടപ്പിലായിട്ടുണ്ട്. അവിടെ 180 കോടി രൂപയുടെ അഴിമതിയാണ് സോഷ്യല്‍ ഓഡിറ്റ് സംവിധാനം വഴി തെളിഞ്ഞത്. അഴിമതി കണ്ടു പിടിക്കുകയും ആ തുക അഴിമതി നടത്തിയവരെക്കൊണ്ട് പദ്ധതിയിലേക്ക് തിരിച്ച് അടപ്പിക്കുകയും ചെയ്തു. സോഷ്യല്‍ ഓഡിറ്റ് സംവിധാനം നടപ്പിലായതുകൊണ്ടാണ് ഇത് സംഭവിച്ചത്. സുതാര്യമായ ഈ സോഷ്യല്‍ ഓഡിറ്റ് സംവിധാനത്തിന്നാണ് കേരളം തടസം നില്‍ക്കുന്നത്. കേരളത്തില്‍ ശക്തമായ പഞ്ചായത്ത് ഘടനയും തൊഴിലാളി പ്രസ്ഥാനങ്ങളും ഉണ്ടെങ്കിലും തൊഴിലുറപ്പ് പദ്ധതി നിറംകെട്ടാണ് മുന്നോട്ട് പോകുന്നത്.