റിയാദ്: സൗദി ഭരണാധികാരി സല്മാന് രാജാവ് അടുത്ത ആഴ്ച അധികാരമൊഴിയുമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മകന് മുഹമ്മദ് ബിന്‍ സല്‍മാനായിരിക്കും അടുത്ത അനന്തരാവകാശിയാവുക. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് രാജാവ് ഉടന്‍ നടത്തുമെന്നാണ് സൂചന.
അധികാരം മകന് കൈമാറിയാലും സൗദിയുടെ ഔദ്യോഗിക തലവനായി സല്മാന് രാജാവ് തന്നെ തുടരാനാണ് സാധ്യത. ഇറാന്റെ പിന്തുണയോടെ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഹുസ്ബുള്ളയെ ഇസ്രായേലിന്റെ സഹായത്തോടെ അടിച്ചമര്‍ത്താനും മുഹമ്മദ് ബിന്‍ സല്മാന് ഒരുങ്ങുന്നതായും സൂചനയുണ്ട്. എംബിഎസ് എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്മാന് അടുത്ത കിരീടാവകാശി ആകുമെന്ന് ഏകദേശം ഉറപ്പായതോടെ അഴിമതിയുടെ പേരില്‍ അറസ്റ്റിലായ രാജകുമാരന്മാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെ ന്യൂയോര്‍ക്കിനേക്കാള്‍ വലിയ നഗരം വരെ ഒരുക്കി ലോകത്തെ ഞെട്ടിക്കാനും സൗദി ഒരുങ്ങുന്നുണ്ട്. അഴിമതി നടത്തിയതിന്റെ പേരില്‍ ഈ മാസം ആദ്യം തന്നെ 13 രാജകുമാരന്മാരെയും മന്ത്രിമാരേയും എംബിഎസ് അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. തന്റെ കൈകളിലേക്ക് അധികാരം വരുന്നതിന്റെ ശക്തമായ സൂചനയായിരുന്നു ഇതിലൂടെ അദ്ദേഹം നല്‍കിയിരുന്നത്.
സൗദിയെ മാറ്റത്തിന്റെ പുതിയ ലോകത്തേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതിനായി രാജ്യത്ത് സ്ത്രീ സ്വാതന്ത്ര്യം മുതല്‍ മൗലികാവകാശങ്ങള്‍ വരെ പുനഃസ്ഥാപിക്കുമെന്ന് രാജകുമാരന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി കടുംപിടിത്തക്കാരായ മുസ്ലീം പുരോഹിതരെ മാറ്റി പകരം പുരോഗമന ചിന്തയുള്ളവരെ പ്രതിഷ്ഠിക്കുമെന്നും ഈ വിധത്തില്‍ സൗദിയെ ആധുനിക കാലത്തേക്ക് നയിക്കുമെന്നുമാണ് എംബിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് നിരോധനം പിന്‍വലിച്ചതും എംബിഎസിന് ജനശ്രദ്ധ നേടിക്കൊടുത്തു. ഇതിന് പുറമെ മിക്സഡ്ജെന്ഡര് നാഷണല്‍ ഡേയ്ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു എംബിഎസിനെ കിരീടാവകാശിയായി വാഴിക്കപ്പെട്ടത്.
സൗദി തലസ്ഥാനമായ റിയാദില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ള രാജകുടുബാംഗം അല്വഹീദഗ് ബിന്‍ തലാല്‍ രാജകുമാരനെയാണ് ബിന്‍ സല്മാന് അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്യിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരിലൊരാളായ തലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ലണ്ടനിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായ സവോയ്. അതേസമയം സൗദിയില്‍ സല്മാന് രാജാവ് സ്ഥാനമൊഴിയാന്‍ പോകുന്നുവെന്നും കിരീടാവകാശിയും മകനുമായ മുഹമ്മദ് സല്മാന് രാജകുമാരന് ഉടന്‍ സ്ഥാനമേറ്റെടുക്കുമെന്നും തരത്തില്‍ മുമ്പും വാര്‍ത്തകള്‍ പ്രചരിച്ചിരിച്ചു. അന്താരാഷ്ട്ര സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ച സൗദിയിലെ അറസ്റ്റുകള്‍ക്ക് പിന്നാലെയായിരുന്നു ഇത്തരം പ്രചരണങ്ങള്‍ നടന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ സൗദി ഔദ്യോഗിക വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു. ആരോഗ്യം മോശമായാല്‍ പോലും രാജാവ് സ്ഥാനമൊഴിയുന്ന പതിവ് സൗദി അറേബ്യയില്‍ ഇല്ല. സല്മാന് രാജാവിന് ഇപ്പോള്‍ 81 വയസ്സാണ് പ്രായം. ഇപ്പോള്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് തന്നെ സല്മാന് രാജാവ് സ്ഥാനം ഒഴിയും എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്നായിരുന്നു അന്ന് നല്കിയ വിശദീകരണം.