വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കി

0
121


കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ദിലീപിന്റെ ഹര്‍ജി. തന്റെ കടയുടെ ഉദ്ഘാടനത്തിനായി വിദേശത്തേക്കു പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

ദിലീപിന്റെ ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ കരാമ ശാഖ ഉദ്ഘാടനം ചെയ്യാന്‍ പോകേണ്ടതിനാല്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിദേശത്തേക്ക് പോവാന്‍ ഏതൊക്കെ ദിവസങ്ങളിലാണ് അനുമതി വേണ്ടതെന്ന കാര്യം ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഹര്‍ജിയില്‍ ഇല്ല.

ദിലീപിന്റെ പാസ്പോര്‍ട്ട് ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്. ഇത് തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ദിലീപിന് ജാമ്യം നല്‍കിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചില്‍ തന്നെയായിരിക്കും ഈ ഹര്‍ജിയും പരിഗണിക്കുന്നതെന്നാണ് സൂചന.

അതേസമയം ദിലീപിനെയും സഹോദരന്‍ അനൂപിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.