ബെയ്ജിങ്: ദോക്ലാം പ്രശ്നങ്ങള്‍ക്ക് ശേഷം ആദ്യമായി അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിമേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു കൂടിക്കാഴ്ച. ഭാവി കാര്യങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമായി.
വിദേശകാര്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രണയ് വര്‍മയും ഡിപ്പാര്‍ട്മെന്റ് ഓഫ് ഏഷ്യന്‍ അഫേഴ്സ് ഡയറക്ടര്‍ ജനറല്‍ സിയ ഖിയാനും തമ്മിലായിരുന്നു കൂടിക്കാഴ്ച. ദോക്ലാമില്‍ 72 ദിവസം ഇന്ത്യ-ചൈന സൈന്യങ്ങള്‍ മുഖാമുഖം നിന്ന സംഭവത്തിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇത്തരമൊരു ചര്‍ച്ച നടത്തുന്നത്. അടുത്ത മാസം ഡല്‍ഹിയില്‍ റഷ്യ, ഇന്ത്യ, ചൈന (ആര്‍ഐസി) രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായാണു ചര്‍ച്ച നടത്തിയത്.
ഇരുരാജ്യങ്ങളിലെയും സമാധാനവും സ്വാസ്ഥ്യവും നിലനിര്‍ത്താനായി 2012ലാണു ഡബ്ല്യുഎംസിസി രൂപീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയവും സഹകരണവും അതിര്‍ത്തി സേനാതലത്തിലും കൈമാറുന്നതിനും ഡബ്ല്യുഎംസിസി ലക്ഷ്യമിടുന്നു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമായി തുടരേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തെന്നും പ്രസ്താവനയില്‍ പറയുന്നു. ഇരുപക്ഷത്തും ആത്മവിശ്വാസം ഉയര്‍ത്തുന്ന നടപടികളുണ്ടാകണം. സൈനിക തലത്തിലും പരസ്പര ബന്ധമുണ്ടാകണമെന്നും ചര്‍ച്ച ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു.