കെ.ഇ.ഇസ്മയിലിന്റേത് നാക്കുപിഴ; പ്രതികരിക്കുമ്പോള്‍ ജാഗ്രത കാട്ടിയില്ല: പ്രകാശ് ബാബു

0
43

തിരുവനന്തപുരം: മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐ നിലപാടിനെ തള്ളിപ്പറഞ്ഞ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിലിനെതിരെ പാർട്ടി സംസ്ഥാന ഘടകം രംഗത്ത്. പ്രതികരിക്കുമ്പോൾ ഇസ്മയിൽ ജാഗ്രത കാട്ടിയില്ലെന്നു സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

ദേശീയ എക്സിക്യൂട്ടീവ് അംഗം എന്തെങ്കിലും പറഞ്ഞതു കൊണ്ടു പാർട്ടിയുടെ ശോഭ കെടില്ല. തോമസ് ചാണ്ടി വിഷയത്തിൽ സിപിഐയിൽ അഭിപ്രായ ഭിന്നതയില്ല. സംസ്ഥാന എക്സിക്യൂട്ടിവ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. തീരുമാനം കൈക്കൊണ്ട യോഗത്തിൽ ഇസ്മയിൽ പങ്കെടുത്തിരുന്നില്ല. ആ യോഗത്തിൽ തോമസ് ചാണ്ടി വിഷയത്തിൽ വ്യക്തമായ നിർദേശം എടുത്തിരുന്നു. അതു പരസ്യമാക്കേണ്ടെന്നുമായിരുന്നു തീരുമാനം. അതിനാൽ ഇസ്മയിൽ തീരുമാനം അറിഞ്ഞിരിക്കില്ല. ഇതാവാം പ്രതികരണത്തിനു പിന്നില്‍- പ്രകാശ് ബാബു പറഞ്ഞു.

എല്ലാ കാര്യങ്ങളും ദേശീയ എക്സിക്യൂട്ടീവ് അംഗത്തോടു ചർച്ച ചെയ്യേണ്ട കാര്യമില്ല. സംസ്ഥാനത്തെ കാര്യം സംസ്ഥാന എക്സിക്യൂട്ടീവ് ആണ് തീരുമാനിക്കുന്നത്. തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം പാർട്ടി സെക്രട്ടറിക്കുണ്ട്. 22നു ചേരുന്ന എക്സിക്യൂട്ടിവ് യോഗം പരസ്യ പ്രതികരണം പരിശോധിക്കും. ഇസ്മയിലിന്റേതു നാക്കുപിഴയാണെന്നു കരുതുന്നതായും പ്രകാശ് ബാബു പറഞ്ഞു.