മേയര്‍ വി.കെ. പ്രശാന്തിനെ അക്രമിച്ച്‌ പരുക്കേല്‍പ്പിച്ച ബി.ജെ.പി നടപടി പ്രാകൃതമാണെന്ന് കോടിയേരി

0
38

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ. പ്രശാന്തിനെ അക്രമിച്ച്‌ പരുക്കേല്‍പ്പിച്ച ബി.ജെ.പി നടപടി പ്രാകൃതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഒരു മേയറെ കാലിന് പിടിച്ച്‌ നിലത്തിടുകയും മര്‍ദ്ദിക്കുകയും ചെയ്തത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. ഇത് ജനാധിപത്യത്തേയും പൗരബോധത്തേയും കാറ്റില്‍ പറത്തുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഒരുവശത്ത് കമ്മ്യൂണിസ്റ്റ് ആക്രമണമെന്ന് വ്യാജമുറവിളി കൂട്ടി ദേശവ്യാപകമായി പ്രചരണ കോലാഹലം നടത്തുന്നതിനിടയിലാണ് മറുവശത്ത് സി.പി.എം- എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും നടത്തുന്നത്.
ഇത്തരം ഇരട്ടത്താപ്പിന്റേയും അക്രമരാഷ്ട്രീയത്തിന്റേയും നേര്‍മുഖമാണ് തിരുവനന്തപുരം നഗരസഭയിലുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു.

നഗരസഭാ യോഗം അലങ്കോലപ്പെടുത്താന്‍ മുന്‍കൂട്ടി ആലോചിച്ചെത്തിയ ബി.ജെ.പി സംഘം മനപ്പൂര്‍വ്വമായി മേയറെ ആക്രമിക്കുകയായിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢപരിശ്രമമാണ് സംഘ പരിവാര്‍ നടത്തുന്നതെന്നും ഇത്തരം ആക്രമണങ്ങളെ സമചിത്തതയോടെ നേരിടണമെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.