സിപിഎം ലക്ഷ്യമിടുന്നത് ചന്ദ്രശേഖരനെ; റവന്യൂ വകുപ്പ് തെറിച്ചേക്കും

0
166

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: സിപിഎം-സിപിഐ തര്‍ക്കത്തില്‍ സിപിഎമ്മിലെ കണ്ണിലെ കരടായി മാറിയ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് റവന്യൂ വകുപ്പ് തെറിച്ചേക്കും. വരുന്ന മന്ത്രിസഭാ പുന:സംഘടനയിലാകും ചന്ദ്രശേഖരന് റവന്യൂവകുപ്പ് നഷ്ടം വരിക.

മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ മുഖ്യമന്ത്രി അത് ഉപയോഗിച്ച് ചന്ദ്രശേഖരനെ റവന്യൂ വകുപ്പില്‍ നിന്ന് മാറ്റുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. അങ്ങിനെ സംഭവിച്ചാല്‍ അത് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എന്തായാലും ചന്ദ്രശേഖരനെ റവന്യൂ വകുപ്പില്‍ നിലനിര്‍ത്തുന്നതിനോട് സിപിഎമ്മിന് തീരെ താല്പര്യമില്ലെന്നത് പരസ്യമായ രഹസ്യമാണ്.

ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചാണ്‌ നീങ്ങുന്നത് എന്ന തോന്നല്‍ മന്ത്രിസഭയ്ക്ക് പൊതുവേയുണ്ട്. ഇത് മുഖ്യമന്ത്രി പിണറായി വിജയന് അറിയാവുന്ന കാര്യമാണ്. റവന്യൂവകുപ്പില്‍ സിപിഎമ്മിന്റെ താല്പര്യങ്ങള്‍ക്ക്, അത് എന്ത് വിഷയമായാലും, ഇ.ചന്ദ്രശേഖരന്‍ എതിര് നില്‍ക്കുന്നു എന്ന വിലയിരുത്തല്‍ സിപിഎമ്മിലും ശക്തമാണ്. അതുകൊണ്ട് തന്നെ ഇ.ചന്ദ്രശേഖരനെ മാറ്റുക എന്നതാണ് മുന്‍പിലുള്ള മുഖ്യവിഷയമായി സിപിഎം കാണുന്നത്.

മന്ത്രിസഭാ പുനസംഘടന മുഖ്യമന്ത്രിയുടെ അധികാര പരിധിയിലുള്ള കാര്യമാണ്. മന്ത്രിസഭാ തലവന്‍ മുഖ്യമന്ത്രിയാണ്. ഒരു മന്ത്രി ആ വകുപ്പ് മാറണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അത് നിറവേറാതിരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. സിപിഐ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് നീങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് അങ്ങിനെയും ചെയ്യാം. കാബിനെറ്റ്‌ ബഹിഷ്ക്കരിച്ച മന്ത്രിമാരില്‍ നിന്നും മുഖ്യമന്ത്രിക്ക് രാജി ചോദിച്ചു വാങ്ങാന്‍ അധികാരമുണ്ട്‌. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് മിനക്കെട്ടില്ല. പക്ഷെ ഇ.ചന്ദ്രശേഖരനെ റവന്യൂ വകുപ്പില്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയില്ലാ എന്ന നിലപാടിലാണ് മുഖ്യമന്ത്രിയുള്ളത് എന്നാണ് സൂചനകള്‍.

എന്നാല്‍ കാര്യങ്ങള്‍ ശാന്തമായശേഷം മാത്രമാകും വകുപ്പ് മാറ്റം. പക്ഷെ .ചന്ദ്രശേഖരന്‍ നോട്ടപ്പുള്ളിയായ അവസ്ഥയാണ്. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ ബഹിഷ്ക്കരിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഈ മന്ത്രിസഭയുടെ കാലത്ത്‌ ഇ.ചന്ദ്രശേഖരനെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് മന്ത്രിമാര്‍ സിപിഎമ്മിനെതിരെ നേര്‍ക്ക് നേര്‍ വന്നിട്ടേയില്ല. മന്ത്രിസ്ഥാനം നഷ്ടമാവില്ലെങ്കിലും റവന്യൂ വകുപ്പ്‌ നഷ്ടമായാല്‍ അത് സിപിഐയ്ക്കും ചന്ദ്രശേഖരനും തിരിച്ചടിയാകും.

മൂന്നാര്‍, തോമസ് ചാണ്ടി വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത വെല്ലുവിളിയാണ് ചന്ദ്രശേഖരന്‍ ഉയര്‍ത്തിയത്. ഇതാണ് അദ്ദേഹത്തില്‍ നിന്ന് റവന്യൂ വകുപ്പ് എടുത്തുമാറ്റുക എന്ന നിലപാടിലേയ്ക്ക് സിപിഎം വരാന്‍ കാരണം. സിപിഐക്ക് മറുപടി നല്‍കേണ്ട എന്ന പതിവ് സമീപനം വിട്ട് സിപിഐക്കെതിരെ ഇക്കുറി സിപിഎം ആഞ്ഞടിച്ചിരുന്നു. ഇതുമനസിലാക്കിയ സിപിഐ റവന്യൂ വകുപ്പ് ചന്ദ്രശേഖരനില്‍ നിന്ന് എടുത്തുമാറ്റിയേക്കുമെന്ന് മുന്‍കൂട്ടി കാണുന്നുണ്ട്.

സിപിഎമ്മിനോടുള്ള സമവായത്തിന്റെ ഭാഗമായി ഇ.ചന്ദ്രശേഖരനെ റവന്യൂ വകുപ്പില്‍ നിന്നും മാറ്റേണ്ടി വരുമെന്ന് സിപിഐയും മനസിലാക്കിയിട്ടുണ്ട്. പക്ഷെ സിപിഎം നിലപാട് കടുപ്പിച്ചതോടെ സിപിഐ നിലവിലെ പോരില്‍ നിന്നും പിന്മാറാനുള്ള ഒരുക്കത്തിലാണ്. അതിനു ഇ.ചന്ദ്രശേഖരനെ ബലിയാടാക്കിയാലും കുഴപ്പമില്ലാ എന്നും പാര്‍ട്ടിക്കുള്ളില്‍ സൂചനകളുണ്ട്. കാരണം ഇ.ചന്ദ്രശേഖരനെ മാറ്റാതെ സിപിഎം അയയില്ലാ എന്ന സൂചന സിപിഐക്കും ലഭിച്ചിട്ടുണ്ട്. പക്ഷെ വകുപ്പ് സിപിഐയില്‍ തന്നെ നിലനില്‍ക്കുന്നതിനാലും ചന്ദ്രശേഖരന് വേറെ വകുപ്പ് ലഭിക്കുന്നതിനാലും ഇത്തരം നീക്കങ്ങളില്‍ പാര്‍ട്ടിക്ക് വലിയ പരുക്കേല്‍ക്കില്ലാ എന്നും വിലയിരുത്തലുണ്ട്.

സിപിഎം-സിപിഐ പോരിനെ ഭരണതലത്തില്‍ നയിച്ച ഇ.ചന്ദ്രശേഖരന്റെ വ്യക്തിപരമായ നഷ്ടമായി മാത്രം ഈ നീക്കം വിലയിരുത്തപ്പെടും. പതിറ്റാണ്ടുകളായി ഇടത് മന്ത്രിസഭകളില്‍ റവന്യൂ വകുപ്പ് ഭരിക്കുന്നത് സിപിഐ ആണ്. പക്ഷെ അപ്പോഴൊന്നും ഒരു സിപിഐ റവന്യൂ മന്ത്രിമാരും കൈക്കൊള്ളാത്ത നിലപാടാണ് ഇത്തവണ ചന്ദ്രശേഖരന്‍ റവന്യൂമന്ത്രി എന്ന നിലയില്‍ പ്രകടിപ്പിച്ചത്. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വന്ന കാബിനെറ്റ്‌ ബഹിഷ്ക്കരണം സര്‍ക്കാരിനെ തന്നെ പിടിച്ചു കുലുക്കിയതില്‍ കടുത്ത അസംതൃപ്തിയിലാണ് സിപിഎം സെക്രട്ടറിയേറ്റും മുഖ്യമന്ത്രിയും.

അതുകൊണ്ട് തന്നെയാണ് ഡല്‍ഹിയില്‍ അവൈലബിള്‍ പിബി യോഗത്തില്‍ പിബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐയുടെ കാബിനെറ്റ്‌ ബഹിഷ്ക്കരണം അവതരിപ്പിക്കുകയും പിബി തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സിപിഐക്ക് നേരിട്ട് മറുപടി നല്‍കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തത്. എകെജി സെന്‍ററില്‍ വിളിച്ചു കൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ അതിനിശിതമായ വിമര്‍ശനമാണ് സിപിഐക്കെതിരേ കോടിയേരി നടത്തിയത്. സിപിഐയുടെ കാബിനെറ്റ്‌ ബഹിഷ്ക്കരണം ശത്രുക്കളെ സഹായിക്കുന്ന നിലപാടാണ് എന്നാണു കോടിയേരി ആക്ഷേപിച്ചത്. അതിനര്‍ത്ഥം സിപിഐ നിലവില്‍ ശത്രുസ്ഥാനത്താണ് നില്‍ക്കുന്നത് എന്ന് കൂടി അതിനര്‍ത്ഥമുണ്ട്. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉറപ്പിച്ചിരുന്നു. എന്നിട്ടും സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍നിന്ന് മാറിനിന്നു. സിപിഐയുടെത് ശത്രുക്കളെ സഹായിക്കുന്ന നിലപാടാണ്-കോടിയേരി തുറന്നടിച്ചു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്നെന്നും വലിയ രാഷ്ട്രീയ തിരിച്ചടി തന്നെ സംഭവിച്ചേക്കുമെന്നുമുള്ള സൂചനകള്‍ സിപിഐയില്‍ തന്നെ പ്രബലമായി.

മുന്‍ റവന്യൂ മന്ത്രി കെ.ഇ.ഇസ്മായിലിന്റെ രംഗ പ്രവേശത്തോടെ ആ തിരിച്ചടി സ്വന്തം പാളയത്തില്‍ നിന്നാവുമെന്നും സിപിഐക്കും ബോധ്യമായി. അതുകൊണ്ട് തന്നെയാണ് സിപിഐ നിലവിലെ യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള സൂചനകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. തോമസ് ചാണ്ടി കാബിനെറ്റ്‌ ബഹിഷ്ക്കരണ വിഷയത്തില്‍ ഇനി ഒന്നും പറയാനില്ലെന്ന സിപിഐ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ പരസ്യനിലപാട് സിപിഐ യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങുന്നതിന്റെ സൂചനയാണ്.
പക്ഷെ ഇ.ചന്ദ്രശേഖരന്റെ കാര്യത്തില്‍ മാത്രമേ സിപിഎമ്മിന് കടുത്ത നിലപാടുള്ളൂ. സിപിഐ വകുപ്പുകളെ സംബന്ധിച്ചൊന്നും തര്‍ക്കമില്ല.

റവന്യൂവകുപ്പ് സിപിഐ തന്നെ എടുത്തോട്ടെ എന്ന സിപിഎം നിലപാടില്‍ മാറ്റമില്ല. പക്ഷെ റവന്യൂവകുപ്പ് ഇനി ഇ.ചന്ദ്രശേഖരന്‍ ഭരിക്കേണ്ട എന്ന നിലപാടിലാണ് സിപിഎം. സിപിഎം നിലപാട് കടുപ്പിച്ച് ശക്തമായി മുന്നോട്ടു വന്നതോടെ ആയുധങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ച് പിന്‍വാങ്ങാനൊരുങ്ങുകയാണ്‌ സിപിഐ. ഇടതുമുന്നണിയില്‍ തുടരുന്ന കാലത്തോളം ആധിപത്യം സിപിഎമ്മിനാണ് എന്ന് ഇപ്പോഴത്തെ നീക്കങ്ങളിലൂടെ ആ പാര്‍ട്ടി അടിവരയിടുന്നുണ്ട്. രണ്ടാമത് മുഖ്യമന്ത്രിക്ക് അതാത് വകുപ്പുകളില്‍ ആ മന്ത്രി തന്നെ വേണോ എന്ന് തീരുമാനിക്കാനുള്ള ഭരണഘടനാപരമായ അധികാരമുണ്ട്. ആ അധികാരം മുഖ്യമന്ത്രി ഉപയോഗിക്കുമ്പോള്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ സിപിഐക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.

സിപിഐ സംസ്ഥാന സെക്രട്ടറി കാനമാണ് കടുത്ത നിലപാടിലൂടെ സിപിഎമ്മിനെതിരെയുള്ള പോരിനു തുടക്കമിട്ടതെങ്കിലും ആ പോര് മുന്നോട്ട് നയിച്ചത് റവന്യൂ മന്ത്രി എന്ന നിലയില്‍ ഇ.ചന്ദ്രശേഖരനാണ്. ഇത് കാബിനെറ്റില്‍ മുഖ്യമന്ത്രിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കാബിനെറ്റ്‌ യോഗം തീരുമാനിച്ചപ്പോള്‍ അതിനു വരാതെ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിക്ക് കത്ത് എത്തിക്കുകയും സമാന്തര കാബിനെറ്റ്‌ യോഗം ഇ.ചന്ദ്രശേഖരന്റെ മുറിയില്‍ കൂടുകയും ചെയ്തത് ഭരണഘടനാപരമായും രാഷ്ട്രീയപരമായും വലിയ തെറ്റായെന്നു വിലയിരുത്തലുമുണ്ട്.

സിപിഐയിലെ കാനം വിരുദ്ധര്‍ കാബിനെറ്റ്‌ ബഹിഷ്ക്കരണ തീരുമാനത്തിന്നെതിരെ ആഞ്ഞടിക്കുമെന്ന് ഇന്നലെ രാവിലെ തന്നെ 24 കേരള റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉച്ചയ്ക്ക് ശേഷം മുന്‍ റവന്യൂ മന്ത്രി കെ.ഇ.ഇസ്മായില്‍ ആ തീരുമാനം തെറ്റായിരുന്നുവെന്ന് പറഞ്ഞു രംഗത്ത് വരുകയും ചെയ്തു. ഇപ്പോള്‍ സിപിഐ മുട്ടുമടക്കാന്‍ തീരുമാനിക്കുന്നത് തന്നെ സിപിഎമ്മിലെ എതിര്‍പ്പ് മാത്രം ഭയന്നല്ല, പാര്‍ട്ടിയില്‍ ആസന്നമായിക്കഴിഞ്ഞ പാളയത്തില്‍ പടയെപ്പോലും പേടിച്ചാണ്. അതുകൊണ്ട് തന്നെ സമവായ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ഇ.ചന്ദ്രശേഖരന്റെ വകുപ്പ് മാറ്റത്തേയും സിപിഐ എതിര്‍ത്തേക്കില്ല.