സിപിഐയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വേണ്ട: പന്ന്യന്‍ രവീന്ദ്രന്‍

0
39

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വേണ്ടെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും പന്ന്യന്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണത്തിനെതിരെ എതിര്‍പ്പറിയിച്ച് ഇസ്മയില്‍ രംഗത്തെത്തിയത്. സിപിഐയിലെ എല്ലാവരും അറിഞ്ഞല്ല മന്ത്രിമാര്‍ കാബിനറ്റ് യോഗം ബഹിഷ്‌കരിച്ചതെന്നും തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡിന് താന്‍ എംപിയായിരുന്നപ്പോള്‍ ഫണ്ട് അനുവദിച്ചത് പാര്‍ട്ടി നേതൃത്വം അറിഞ്ഞു തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടില്‍ താന്‍ ഇതുവരെ പോയിട്ടില്ലെന്നും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചിട്ടുമില്ലെന്നും കെ.ഇ.ഇസ്മയില്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ ഇസ്മയലിന്റെ നിലപാടിനെ പാടെ തള്ളി പാര്‍ട്ടി നേതൃത്വവും പരസ്യമായി രംഗത്തു വന്നിരുന്നു. ഇസ്മയിലിന് സംഘടനാ രീതികളിലുള്ള അറിവില്ലായ്മയാകാം ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്കു കാരണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബു പറഞ്ഞിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നതിനിടെയാണ് മഞ്ഞുരുക്കാന്‍ മുതിര്‍ന്ന നേതാവുകൂടിയായ പന്ന്യന്‍ രംഗത്തെത്തിയത്.