അനിവാര്യമായ മാറ്റങ്ങള്‍ വരുത്താതെ പത്മാവതിയുടെ റിലീസ് അനുവദിക്കരുതെന്ന് വസുന്ധര രാജെ

0
30

ജയ്പുര്‍: പത്മാവതി ഡിസംബര്‍ ഒന്നിന് റിലീസിനിരിക്കെ റിലീസ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. അനിവാര്യമായ മാറ്റങ്ങള്‍ വരുത്താതെ പത്മാവതിയുടെ റിലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് വസുന്ധര രാജെ കത്തയച്ചു.

ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കാന്‍ സിനിമയില്‍ ചിലമാറ്റങ്ങള്‍ വരുത്തന്നത് വരെ റിലീസ് മാറ്റിവെക്കണമെന്നാണ് വസുന്ധര രാജെയുടെ ആവശ്യം.സിനിമയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. വിദ്വേഷം പരത്തുന്ന കാര്യങ്ങളില്‍ ഭേദഗതിവരുത്തണം. സെന്‍സര്‍ബോര്‍ഡ് ഇതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങളൊക്കെ ചിന്തിക്കണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സുരക്ഷ കണക്കിലെടുത്താണ് ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് വസുന്ധരയുടെ വിശദീകരണം.

നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
പത്മാവതിയുടെ സെന്‍സര്‍ അപേക്ഷ കഴിഞ്ഞ ദിവസം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡ് തിരിച്ചയച്ചിരുന്നു.

അലാവുദീന്‍ ഖില്‍ജി 1303-ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്റെ കഥയാണ് സിനിമ പറയുന്നത്. റാണാ റാവല്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും സിനിമയിലുണ്ടെന്നും അത് രജപുത്ര ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമാണ് ആരോപണം.