കള്ളപ്പണം: വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിനുള്ള  നിയമഭേദഗതിക്ക് സ്വിറ്റസര്‍ലന്‍ഡ്

0
49

ന്യൂഡല്‍ഹി: സ്വിസ് ബാങ്ക് കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കിയുള്ള പ്രത്യേക നിയമഭേദഗതിക്കൊരുങ്ങി സ്വിറ്റസര്‍ലന്‍ഡ്. നിയമഭേദഗതി പാര്‍ലമെന്റില്‍ പാസായാല്‍ 2019 ജനുവരി മുതല്‍ സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭ്യമാകും.

പുതിയ നിയഭേദഗതിക്ക് സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ കള്ളപ്പണനിക്ഷേപകരെ പിടികൂടാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ മാസം 27ന് ചേരുന്ന പാര്‍ലമെന്റ് യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. ഇന്ത്യന്‍ കള്ളപ്പണക്കാര്‍ പണ നിക്ഷേപണത്തിനു സുരക്ഷിതസ്ഥലമായി കരുതുന്നത് സ്വിസ് ബാങ്കിനെയാണ്.

നിലവില്‍ സ്വിസ് ബാങ്കില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്ത് ലഭ്യമാവാനുള്ള സാഹചര്യമില്ല. തീരുമാനം അനുകൂലമായാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപം നടത്തുന്ന സമയത്തുതന്നെ അതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ.

നിക്ഷേപം നടത്തുന്ന വ്യക്തിയുടെ അക്കൗണ്ട് നമ്പര്‍, പേര്, മേല്‍വിലാസം, ജനനത്തീയതി, നിക്ഷേപവിവരങ്ങള്‍ തുടങ്ങിയവയെല്ലാം അപ്പോള്‍ത്തന്നെ ഇന്ത്യക്ക് നല്‍കും. ഇന്ത്യക്ക് പുറമേ മറ്റു ചില രാജ്യങ്ങള്‍ക്കും സ്വമേധയാ വിവരങ്ങള്‍ കൈമാറാനുള്ള ധാരണയാണ് നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.