നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും; ദിലീപ് എട്ടാം പ്രതിയാകും

0
48

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ടില്‍ ദിലീപ് ഉള്‍പ്പെടെ 11 പേരാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപ് എട്ടാം പ്രതിയാകും. ഗൂഢാലോചനയില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ 300ല്‍ അധികം സാക്ഷികളാണ് ഉള്ളത്. 450 രേഖകളും അന്തിമ റിപ്പോര്‍ട്ടിന്റെ ഭാഗമാകും.

‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്ന ദിലീപിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കുന്നതിനും പൊലീസ് തീരുമാനമായിട്ടുണ്ട്.

അതിനിടെ, അന്വേഷണ സംഘം ദിലീപിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച ദിവസം ചികിത്സയിലായിരുന്നെന്നു തെളിയിക്കാന്‍ ദിലീപ് സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്തത്. സഹോദരന്‍ അനൂപിന്റെയും മൊഴിയെടുത്തു. കേസുമായി മുന്‍പു ബന്ധപ്പെട്ട രണ്ട് അഭിഭാഷകരെയും പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചിരുന്നു.

നടി ആക്രമത്തിനിരയായ സമയം താന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ദിലീപിനെ നോട്ടീസ് നല്‍കി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്.