പദ്മാവതിയുടെ റിലീസ് മാറ്റിവെച്ചു

0
44

വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടരുന്ന സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം പദ്മാവതിയുടെ റിലീസ് മാറ്റിവെച്ചു. ഡിസംബര്‍ 1നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിവെക്കുന്നതെന്ന് സംവിധായകന്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

പദ്മാവതിയുടെ സെന്‍സര്‍ അപേക്ഷ കഴിഞ്ഞ ദിവസം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡ് തിരിച്ചയച്ചിരുന്നു. അപാകം തിരുത്തി പുതിയ അപേക്ഷ നല്‍കിയതിനുശേഷമേ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. അപേക്ഷ അപൂര്‍ണമാണെന്ന് ‘പദ്മാവതി’യുടെ പ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നെന്നും അത് തിരിച്ചയച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി പറഞ്ഞു.

അലാവുദീന്‍ ഖില്‍ജി 1303ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്റെ കഥയാണ് സിനിമ പറയുന്നത്. റാണാ റാവല്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പദ്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും സിനിമയിലുണ്ടെന്നും അത് രജപുത്ര ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമാണ് ആരോപണം.