വിമതരെ ഒതുക്കി വീണ്ടും പാര്‍ട്ടി സെക്രട്ടറിയാകാന്‍ കാനം

0
59

എം.മനോജ് കുമാര്‍

തിരുവനന്തപുരം: ഇന്നാണ് വിദേശയാത്ര കഴിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തലസ്ഥാനത്ത് തിരിച്ചെത്തിയത്. വന്ന ഉടനെത്തന്നെ അദ്ദേഹം വെടി പൊട്ടിച്ചു. ഒറ്റയ്‌ക്കൊറ്റയ്ക്ക് നിന്നാല്‍ ആര്‍ക്കൊക്കെ എന്തൊക്കെ നേടാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു സിപിഎമ്മിനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞത്. ഒറ്റയ്ക്കുനിന്നാല്‍ സിപിഐയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല എന്ന് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞതിനുള്ള മറുപടിയായിരുന്നു അത്.

അടിയ്ക്ക് തിരിച്ചടി എന്ന രീതിയാണ് കാനം ഇപ്പോള്‍ അവലംബിക്കുന്നത്. അതിന് കാരണം മറ്റൊന്നുമല്ല. താഴെത്തട്ടില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത് ഏപ്രില്‍ 25 മുതല്‍ 29 വരെയാണ്. അതിനു മുന്നോടിയായി മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ സംസ്ഥാന സമ്മേളനവും നടക്കുന്നുണ്ട്. വെറും മൂന്നു മാസം മാത്രമേയുള്ളൂ സിപിഐ സംസ്ഥാന സമ്മേളനത്തിന്. സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെടും. കാനത്തിന് അടുത്ത സംസ്ഥാന സമ്മേളനത്തില്‍ രണ്ടാമതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി വരേണ്ടതുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഈ സമയത്ത് തന്നെ തന്റെ അധീശത്വം തെളിയിക്കേണ്ടതും നിലനിര്‍ത്തേണ്ടതും കാനത്തിന്റെ ആവശ്യമാണ്. അതിനു നിലവിലുള്ള സിപിഐ-സിപിഎം പോര് ആയുധമാക്കുക കൂടി ചെയ്യേണ്ടതുണ്ട് എന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. കാനം നിരത്തിയ  യുക്തിഭദ്രമായ വാദങ്ങള്‍ കാരണമാണ് മൂന്നാര്‍, തോമസ് ചാണ്ടി വിഷയങ്ങളില്‍ സിപിഎമ്മുമായി ഇടഞ്ഞപ്പോള്‍ സിപിഐയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. കാനത്തിന്റെ പല വാദങ്ങള്‍ക്കും അതേ രീതിയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് കഴിഞ്ഞതുമില്ല. ഇതാണ് നിലവില്‍ സിപിഎം-സിപിഐ പോരില്‍ പാര്‍ട്ടി എന്ന നിലയില്‍ സിപിഐക്ക് മുന്‍തൂക്കം നല്‍കിയത്.

സിപിഎമ്മിന് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന, വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഐയെ നിലനിര്‍ത്തുന്ന നേതാവാണ് കാനം എന്ന പ്രതിച്ഛായ പാര്‍ട്ടി സമ്മേളനങ്ങളില്‍ തനിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹത്തിനറിയാം. അങ്ങിനെ വന്നാല്‍ വലിയ എതിര്‍പ്പുകളില്ലാതെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെടും. അതുകൊണ്ടു കൂടിയാണ് അദ്ദേഹം സിപിഎമ്മിനോട് പോരടിക്കുന്നത്.

കാനം വിരുദ്ധര്‍ സിപിഐയില്‍ ശക്തമാണ്. അവരെ കാനത്തിന് പ്രതിരോധിച്ചേ മതിയാകൂ. മന്ത്രിസഭാ ബഹിഷ്‌ക്കരണം എന്ന ശക്തമായ ആയുധം കൈയ്യില്‍ കിട്ടിയപ്പോള്‍ ദേശീയ നേതാവായ കെ.ഇ.ഇസ്മായില്‍ കാനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. കാനത്തിന്റെ തീരുമാനം പാര്‍ട്ടി തീരുമാനമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട് എന്നര്‍ത്ഥത്തിലാണ് ഇസ്മയില്‍ പ്രതികരിച്ചത്. പക്ഷെ ഇസ്മായിലിന് ജാഗ്രതക്കുറവ് വന്നു എന്ന് പ്രകാശ് ബാബുവിലൂടെ ഔദ്യോഗിക നേതൃത്വം തിരിച്ചടിച്ചു.

അതുമാത്രമല്ല മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കേണ്ടതില്ലെന്നത് തീരുമാനിച്ചത് പാര്‍ട്ടിയാണെന്നാണ് കാനം ഇന്ന് മാധ്യമപ്രവര്‍ത്തകകരോട് പറഞ്ഞത്. പാര്‍ട്ടി തീരുമാനം നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. മാത്രമല്ല മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുകയല്ല ചെയ്തത്. അതില്‍ പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത് എന്ന വിചിത്രമായ വാദവും കാനം നിരത്തി. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് അദ്ദേഹം വ്യകത്മാക്കുകയും ചെയ്തു.

ജാഗ്രതക്കുറവ് പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ വേണ്ടത്രേ ശക്തി സംഭരിച്ച ശേഷം ആഞ്ഞടിക്കാം എന്ന നിലയില്‍ ഇസ്മയില്‍ താത്ക്കാലികമായി പിന്‍വലിഞ്ഞിട്ടുണ്ട്. പക്ഷെ കാനം വിരുദ്ധരെ സിപിഎം പിന്തുണയ്ക്കും എന്ന് കാനത്തിനും സിപിഐയിലെ മറ്റു നേതാക്കള്‍ക്കുമറിയാം.

അതിനാല്‍ തത്ക്കാലം സിപിഎമ്മുമായുള്ള യുദ്ധത്തില്‍ പത്തിമടക്കി പാളയത്തില്‍ പട ഒഴിവാക്കാനാണ് സിപിഐ നീക്കം. ഒരു ടേം കൂടി പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടാനുള്ള അന്തരീക്ഷം പാര്‍ട്ടിയില്‍ ഒരുങ്ങുന്നുണ്ടെന്ന വിശ്വാസത്തിലാണ് കാനം.