തിരുവനന്തപുരം: സിപിഎം-സിപിഐ പോര് പരിഹരിക്കപ്പെടാനാകാത്ത വിധം വളരുന്നുവോ? അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ ഏത് മുന്നണിയിലായിരിക്കുമെന്ന് അറിയില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പരാമര്‍ശം ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാണെന്ന് കാണിക്കുന്നു. എന്തായാലും പരിഹാര ചര്‍ച്ചകള്‍ക്ക് ഇന്ന് മുതല്‍ ഇരുപാര്‍ട്ടികളും തുടക്കമിടുകയാണ്.
ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയ്യേറ്റം നടത്തിയെന്ന ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് വന്ന മുതല്‍ തുടങ്ങിയതാണ് സിപിഎം-സിപിഐ പോര്. ചാണ്ടി രാജിവെച്ചതോടെ അത് മൂര്‍ച്ഛിക്കുകയും ചെയ്തു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതിനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിലൂടെ കാനം രാജേന്ദ്രന് തിരിച്ചടിച്ചു. ഇതിനുള്ള മറുപടിയെന്നോണം സിപിഎം മുഖപത്രമായ ദേശാഭിമാനി രംഗത്തെത്തി. ഇങ്ങിനെ ഉരുളയ്ക്കു ഉപ്പേരി കണക്കെ ഇരുപാര്‍ട്ടികളും മുന്നേറുകയാണ്.
ഇതിനിടയില്‍ പാളയത്തില്‍ തന്നെ പടയുണ്ടാകുന്നോയെന്ന സംശയത്തിലാണ് സിപിഐ. മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന കാര്യം അറിയില്ലെന്ന കെ.ഇ.ഇസ്മയില്‍ ഈ സൂചനയാണ് നല്‍കുന്നത്. ഇതിനെയും നേരിടേണ്ട അവസ്ഥയിലാണ് കാനം. സിപിഎം കാനം വിരുദ്ധരെ വേണ്ടോളം പ്രോത്സാഹിപ്പിക്കാനാണ് സാധ്യത.
മൂന്നാര്‍ പ്രശ്നം മുതല്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് സിപിഎമ്മിന്റെ കണ്ണിലെ കരടാണ്. ചന്ദ്രശേഖരനെ ഒതുക്കിയാല്‍ പ്രശ്നം പകുതി തീരുമെന്ന വിശ്വാസത്തിലാണ് സിപിഎം.