ആര്‍ക്കും പാര്‍ട്ടിയ്ക്ക് അതീതരായി നീങ്ങാന്‍ കഴിയില്ല: പന്ന്യന്‍

0
35

എം.മനോജ് കുമാര്‍

തിരുവനന്തപുരം: കാനത്തിന്റെ കീഴില്‍ സിപിഐ ഒറ്റക്കെട്ടായാണ് നീങ്ങുന്നതെന്ന് സിപിഐ ദേശീയ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ 24 കേരളയോട് പറഞ്ഞു. മന്ത്രിസഭാ ബഹിഷ്‌ക്കരണ പ്രശ്‌നത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി കെ.ഇ.ഇസ്മായില്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.

കാനം രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിയാണ്. പാര്‍ട്ടി സെക്രട്ടറി എടുക്കുന്ന തീരുമാനം പാര്‍ട്ടി തീരുമാനമാണ്. അത് പാര്‍ട്ടിയില്‍ ആലോചിച്ച് എടുക്കുന്ന തീരുമാനമാണ്. പാര്‍ട്ടി ഒരുമിച്ചാണ് നീങ്ങുന്നത്. പാര്‍ട്ടിക്ക് വിരുദ്ധമായി സെക്രട്ടറിക്ക് നീങ്ങാന്‍ കഴിയില്ല. സെക്രട്ടറിയുടേത് പാര്‍ട്ടി തീരുമാനമാകും-പന്ന്യന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ പന്ത്രണ്ടിനാണ് ഇടതുമുന്നണി യോഗം കൂടിയത്. അതുകഴിഞ്ഞ് അടുത്ത ദിവസം ഞങ്ങള്‍ പാര്‍ട്ടി കമ്മറ്റി കൂടിയിരുന്നു. പാര്‍ട്ടി കമ്മറ്റി എന്ന് പറഞ്ഞാല്‍ പാര്‍ട്ടി എക്‌സിക്യുട്ടീവ് യോഗം. തോമസ് ചാണ്ടി പ്രശ്‌നത്തില്‍ സമയത്തിനനുസൃതമായി നീങ്ങാന്‍ പാര്‍ട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാര്‍ട്ടി സെക്രട്ടറിയെ പാര്‍ട്ടി ചുമതപ്പെടുത്തിയ പ്രകാരമാണ് തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയുടെ പ്രതികരണം വന്നത്.

സിപിഐ മന്ത്രിമാര്‍ തോമസ് ചാണ്ടി വിഷയത്തില്‍ പ്രതികരിച്ചതും പാര്‍ട്ടി നിര്‍ദ്ദേശം ഉള്‍ക്കൊണ്ടു തന്നെയാണ്. ആര്‍ക്കും പാര്‍ട്ടിക്ക് അതീതരായി നീങ്ങാന്‍ കഴിയില്ല-പന്ന്യന്‍ ചൂണ്ടിക്കാട്ടി. ഇസ്മായിലിന്റെ പ്രതികരണത്തില്‍ അപാകതയൊന്നും വന്നിട്ടില്ല. ഇസ്മായിലിന്റെ പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രം പ്രസിദ്ധീകരിച്ചപ്പോഴാണ് പ്രസ്താവന വിവാദമായത്.

ഈ പ്രശ്‌നം വന്നപ്പോള്‍ തന്നെ കെ.ഇ.ഇസ്മായിലിനോടു സംസാരിച്ചിരുന്നു. പാര്‍ട്ടി നയത്തിന് വിരുദ്ധമായി താന്‍ ഒന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇസ്മായില്‍ തന്നോടു പ്രതികരിച്ചത്. എന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രസ്താവന വളച്ചൊടിച്ചത് ചൂണ്ടിക്കാട്ടി ഇസ്മായില്‍ വാര്‍ത്താക്കുറിപ്പിറക്കിയത്. ഇസ്മായിലിന്റെ പ്രസ്താവനയുടെ പേരില്‍ ഒരു പ്രശ്‌നവും പാര്‍ട്ടിക്കകത്തില്ല. പ്രകാശ് ബാബുവിനോടും താന്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.