എം. മനോജ് കുമാര്‍
തിരുവനന്തപുരം: ഹണിട്രാപ്പില്‍ കുരുങ്ങിയ മുന്‍ എന്‍സിപി മന്ത്രി എ.കെ.ശശീന്ദ്രന് കുറ്റവിമുക്തനായേക്കുമെന്ന് എന്‍സിപി വൃത്തങ്ങളില്‍ പ്രതീക്ഷ. ശശീന്ദ്രന് കുരുങ്ങിയ ഹണിട്രാപ്പ് കേസ് അന്വേഷിക്കുന്ന ആന്റണി കമ്മീഷന് നാളെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
നിലവില്‍ മൂന്നു മാസ കാലാവധിയാണ് കമ്മിഷന് നീട്ടി നല്‍കിയത്. അത് ഡിസംബര്‍ വരെയുണ്ട്. പക്ഷെ ഡിസംബര്‍ വരെ കാത്തുനില്‍ക്കാതെ കമ്മിഷന് നവംബറില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ്. കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന് തന്നെയാണ് സര്‍ക്കാരിനെ സമീപിച്ചത്. എന്നിട്ടും കമ്മിഷന് ഡിസംബര്‍ വരെയുള്ള കാലാവധിയ്ക്ക് കാത്തു നില്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
ശശീന്ദ്രന് അനുകൂലമായ ഒരു നീക്കമായി ഇത് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. സര്‍ക്കാരും മന്ത്രിസഭയില്‍ നിന്ന് മൂന്നു വിക്കറ്റ് കൊഴിഞ്ഞുപോയ ക്ഷീണത്തിലാണ്. ഒരു മന്ത്രിയെയെങ്കിലും തിരിച്ചെടുക്കാനുള്ള സാധ്യതയാണ് ആന്റണി കമ്മിഷന് റിപ്പോര്‍ട്ട് വഴി സര്‍ക്കാര്‍ ആരായുന്നത്.
റിപ്പോര്‍ട്ട് പ്രതികൂലമായെങ്കില്‍ മാത്രമേ സര്‍ക്കാരിന് മറിച്ച് ചിന്തിക്കേണ്ടതിന്റെയും തീരുമാനമേടുക്കേണ്ടതിന്റെയും ആവശ്യം വരുകയുള്ളൂ. പക്ഷെ ശശീന്ദ്രന്റെ ശബ്ദം മിമിക്രിക്കാര്‍ക്ക് വേണമെങ്കിലും അനുകരിക്കാമല്ലോ എന്ന കമ്മിഷന് പരാമര്‍ശം വെച്ച് നോക്കുമ്പോള്‍ റിപ്പോര്‍ട്ട് ശശീന്ദ്രന് എതിരായിരിക്കില്ല എന്ന സൂചനകള്‍ ശക്തമാണ്. എന്തായാലും കമ്മിഷന് റിപ്പോര്‍ട്ട് കിട്ടി അത് പഠിച്ചശേഷമാകും മുഖ്യമന്ത്രി എന്തെങ്കിലും തീരുമാനമെടുക്കുകയുള്ളൂ.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പിന്തുടര്‍ന്ന എല്ലാ നടപടിക്രമങ്ങളും ശശീന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ടിലും സര്‍ക്കാരിനു അനുവര്‍ത്തിക്കേണ്ടി വരും. അത് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കണം. ആവശ്യമെങ്കില്‍ നിയമസഭാ സമ്മേളനം വിളിക്കണം. നിയമസഭയുടെ മേശപ്പുറത്ത് വെച്ചാല്‍ മാത്രമേ ആന്റണി കമ്മിഷന് റിപ്പോര്‍ട്ട് പൊതുരേഖ ആവുകയുള്ളൂ.
ശശീന്ദ്രനെ കുരുക്കിയ മാധ്യമ പ്രവര്‍ത്തക നല്കിയ പരാതി റദ്ദ് ചെയ്യാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആന്റണി കമ്മിഷന് കാലാവധി കഴിയും മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ശശീന്ദ്രന് അനുകൂലമായി വരുമെന്ന കണക്കുകൂട്ടലിലാണ് എന്‍സിപി.
ശശീന്ദ്രന് രാജിവെച്ചപ്പോള്‍ പകരം മന്ത്രിയായ തോമസ് ചാണ്ടി കായല്‍ കയ്യേറ്റ-നിലം നികത്തല്‍ ആരോപണങ്ങളില്‍ കുരുങ്ങി രാജിവെച്ചിരുന്നു. അതോടെ എന്‍സിപിയ്ക്ക് മന്ത്രിയില്ലാത്ത അവസ്ഥയാണ്.
ഇന്ത്യയില്‍ പാര്‍ട്ടിയ്ക്ക് ആകെയുള്ള ഒരു മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ശരദ് പവാറും പ്രഫുല്‍ പട്ടേലും അടങ്ങുന്ന എന്‍സിപിയിലെ ദേശീയ നേതൃത്വം കിണഞ്ഞു ശ്രമിച്ചിരുന്നെങ്കിലും തോമസ് ചാണ്ടിക്ക് രാജിവെയ്ക്കേണ്ടിവന്നു. മന്തിസഭാ തീരുമാനത്തിനെതിരെ മന്ത്രിയെന്ന നിലയില്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പോയതാണ് തോമസ് ചാണ്ടിയ്ക്ക് വിനയായത്.
ഇന്ത്യയില്‍ ഇതേവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഭരണഘടനാ വിരുദ്ധ ഹര്‍ജി എന്നാണ് ഈ ഹര്‍ജിയെ ഹൈക്കോടതി വിശേഷിപ്പിച്ചത്. ദന്തഗോപുര വാസിയാകാതെ, മന്ത്രി പദവി രാജിവെച്ച് സാധാരണക്കാരനായി നീതി തേടാനാണ് ഹൈക്കോടതി തോമസ് ചാണ്ടിയോട് ആവശ്യപ്പെട്ടത്.
അവസാനം വരെ പദവിയില്‍ അള്ളിപ്പിടിച്ച് ഇരുന്നു, രാജിക്കത്ത് നല്‍കിയിട്ടും ആലപ്പുഴയിലേയ്ക്ക് പോകാന്‍ മന്ത്രി വാഹനവും പോലീസ് എസ്കോര്‍ട്ടും ഉപയോഗിച്ചു തുടങ്ങിയ അപവാദങ്ങള്‍ തോമസ് ചാണ്ടിക്ക് കേള്‍ക്കേണ്ടി വരികയും ചെയ്തു. രണ്ടു മന്ത്രിമാരും ഇല്ലാത്ത അവസ്ഥ പാര്‍ട്ടിക്ക് അസ്വാസ്ഥ്യം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് ആദ്യം ആര് കുറ്റവിമുക്തനാകുന്നുവോ ആ നേതാവിന് മന്ത്രിസ്ഥാനം നല്‍കുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റിന്റെ ചാര്‍ജ് വഹിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി ടി.പി.പീതാംബരന് മാസ്റ്റര്‍ പറഞ്ഞത്.
ശശീന്ദ്രന് കുരുങ്ങിയ വിഷയം അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് വരട്ടെ. മുഖ്യമന്ത്രി ആ റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കും. അതുവരെ ആ കാര്യത്തില്‍ പ്രതികരണമില്ല- പീതാംബരന് മാസ്റ്റര്‍ 24 കേരളയോട് പറഞ്ഞു. അതേസമയം ശശീന്ദ്രന് കുറ്റവിമുക്തനായാല്‍ നിലവില്‍ ഒഴിവുള്ള മന്ത്രി സ്ഥാനം ശശീന്ദ്രന് ലഭിക്കും. അതില്‍ മാറ്റമൊന്നുമില്ല-പീതാംബരന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
എ.കെ.ശശീന്ദ്രനും ഈ കാര്യത്തില്‍ തികഞ്ഞ നിസംഗതയാണ് പ്രദര്‍ശിപ്പിക്കുന്നത്. ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ട് വരട്ടെ. അത് സര്‍ക്കാരിനാണ് ലഭിക്കുന്നത്. അതിനുശേഷം പ്രതികരിക്കാമെന്നാണ് എ.കെ. ശശീന്ദ്രനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്‍സിപിയില്‍ ഗ്രൂപ്പുകള്‍ ശക്തമെങ്കിലും എല്ലാ നേതാക്കളും കേന്ദ്രനേതൃത്വം ആഞ്ഞുവീശുന്ന അച്ചടക്കം എന്ന വാളിനെ ഭയപ്പെടുന്നവരാണ്.
പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്ത് എന്നാണ പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തോമസ് ചാണ്ടി രാജിവെച്ച ശേഷം വിമത വിഭാഗം പൊതുവില്‍ നിശബ്ദരാണ്. അവരൊക്കെ തന്നെ ശശീന്ദ്രന് മന്ത്രിയായി തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരാണ്. എന്തായാലും എ.കെ.ശശീന്ദ്രനെ സംബന്ധിച്ച് നാളെ നിര്‍ണായകമാണ്. ആന്റണി കമ്മിഷന് റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രന് ഒരു പക്ഷെ മന്ത്രിയായി തിരിച്ചു വരാനുള്ള അന്തരീക്ഷം സംജാതമായേക്കും.