തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്.
ഇന്ന് രാവിലെ 9.30 നാണ് കമ്മീഷന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പണം പൊതു താല്പര്യമുള്ള പരിപാടിയല്ലെന്നും അതു കൊണ്ട് മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുന്‍ മന്ത്രി എകെ ശശീന്ദ്രനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് കമ്മീഷന് റിപ്പോര്‍ട്ട്. സംഭാഷണം ഫോണ്‍ കെണിയാണോ, ഗൂഢാലോചന ഉണ്ടോ മന്ത്രിയുടെ ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണോ, തുടങ്ങിയ കാര്യങ്ങളാണ് ജുഡീഷ്യല്‍ കമ്മീഷന് അന്വേഷിച്ചത്. വിവാദത്തില്‍ സുപ്രധാന തെളിവാകേണ്ട ശബ്ദരേഖ കമ്മിഷന്റെ മുന്നില്‍ എത്തിക്കാന്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ചാനലിന് സാധിച്ചിട്ടില്ല.
ശശീന്ദ്രന് കുറ്റവിമുക്തനാക്കപ്പെട്ടാല്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം തിരിച്ചുവരുമെന്നും എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് വ്യക്തമാക്കി.