ജാതിയുടെ പേരിലുള്ള പ്രചരണങ്ങളല്ല വികസന പദ്ധതികളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക: അമിത് ഷാ

0
37


ഭവനഗര്‍: ജാതിയുടെ പേരിലുള്ള പ്രചരണങ്ങളല്ല വികസന പദ്ധതികളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നതെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്ത് ഭവനഗറില്‍ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

കോണ്‍ഗ്രസിനെതിരെയായിരുന്നു വിമര്‍ശനങ്ങളേറെയും. കോണ്‍ഗ്രസിന്റെ വംശീയതയും പ്രധാനമന്ത്രിയുടെ വികസന രാഷ്ട്രീയവും തമ്മിലാണ് ഗുജറാത്തില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ജനങ്ങളാണ് തീരുമാനിക്കേണ്ടത്, ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭരണം വേണോ, അതോ ബിജെപി മുന്നോട്ട്‌വെയ്ക്കുന്ന വികസനാത്മക ഭരണം വേണോയെന്ന്.

ജാതിയുടെ പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ ഗുജറാത്തില്‍ വിലപ്പോകില്ല, പകരം പ്രധാനമന്ത്രിയുടെ വികസന നയങ്ങളാണ് പ്രാവര്‍ത്തികമാകാന്‍ പോകുന്നത്. എനിക്ക് വിശ്വാസമുണ്ട് ഈ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം ഞങ്ങള്‍ക്ക് ലഭിക്കും. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടാണ്. 150 ലധികം സീറ്റുകള്‍ നേടി റെക്കോഡുകള്‍ തകര്‍ക്കാന്‍ ബിജെപിക്ക് സാധിക്കും,’ ഷാ പറഞ്ഞു.

പത്തുവര്‍ഷം ഭരിച്ച് സോണിയ ഗാന്ധിയും, മന്‍മോഹന്‍ സിംഗും ഇവിടെ എന്താണ് ചെയ്തതെന്ന് രാഹുല്‍ വ്യക്തമാക്കണം, മോദി വന്നതിനുശേഷമാണ് ബുള്ളറ്റ് ട്രെയിന്‍, അന്താരഷ്ട്ര വിമാനത്താവളം തുടങ്ങി കെട്ടിക്കിടന്ന എല്ലാ പദ്ധതികളും യാഥാര്‍ഥ്യമാക്കിയത്.