ന്യൂഡല്‍ഹി: ജിഷ്ണു കേസില്‍ സിബിഐക്കെതിരെ സുപ്രീംകോടതി. അന്വേഷണം എറ്റെടുക്കില്ലെന്ന സിബിഐ നിലപാടില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. കേന്ദ്രസര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നാളെ സിബിഐയുടെ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശം നല്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കാത്തത് എന്തുകൊണ്ടാണെന്നും മറ്റ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. നിലവില്‍ കേസുകളുടെ ഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ കേസ് ഏറ്റെടുക്കുന്നില്ലെന്ന് സുപ്രീംകോടതിയില്‍ അറിയിച്ചത്. സിബിഐ ഏറ്റെടുക്കേണ്ട സാഹചര്യം കേസിനില്ല. കേസ് കേരളാ പൊലീസ് അന്വേഷിച്ചാല്‍ മതിയെന്നുമാണ് സിബിഐ കോടതിയില്‍ അറിയിച്ചിരുന്നത്.
കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും, കേസ് സിബിഐ ഏറ്റെടുക്കണണെന്ന ജിഷ്ണുവിന്റെ അമ്മ മഹിജ നല്കിയ ഹര്‍ജിയും പരിഗണിക്കുമ്പോഴായിരുന്നു സിബിഐ കോടതിയില്‍ നിലപാട് അറിയിച്ചത്. അതേസമയം ജൂണില്‍ ഇറക്കിയ വിജ്ഞാപനത്തിന് മറുപടി നല്കാന് നാല് മാസം സമയം എടുത്ത സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു
നവംബര്‍ മൂന്നിന് കേസ് പരിഗണിക്കുമ്പോള്‍ കേസ് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ നല്‍കിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. ജൂണില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ വിജ്ഞാപനം പുറത്തിറക്കിയ കാര്യം സൂചിപ്പിച്ചുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.