ഭിക്ഷാടനത്തിലൂടെ സമ്പാദിച്ചത് 2.5 ലക്ഷം രൂപ; മുഴുവന്‍ തുകയും ക്ഷേത്രത്തിന് സംഭാവന നല്‍കി സീതാലക്ഷ്മി

0
36

മൈസൂര്‍: ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച 2.5 ലക്ഷത്തോളം രൂപ മൈസൂരിലെ ക്ഷേത്രത്തിന് സംഭാവന നല്‍കി വ്യത്യസ്ത ആയിരിക്കുകയാണ് സീതാലക്ഷ്മി. 85കാരിയായ ഈ വൃദ്ധ ഭിക്ഷാടനത്തിലൂടെ ലഭിച്ച വലിയ തുക ഭിക്ഷ യാചിച്ചിരുന്ന ക്ഷേത്രത്തിന് തന്നെയാണ് സംഭാവന നല്‍കിയത്.

വോണ്ടികൊപ്പലിലെ പ്രസന്ന ആജ്ഞനേയ സ്വാമി ക്ഷേത്രത്തിന്റെ കവാടത്തില്‍ ഇരുന്നാണ് സീതാലക്ഷ്മി ഭിക്ഷ യാചിച്ചിരുന്നത്. മറ്റ് ജോലികള്‍ ചെയ്യാന്‍ ആരോഗ്യമില്ലാതെ വന്നതോടെയാണ് ഇവര്‍ ഭിക്ഷാടനത്തിലേക്ക് തിരിയുന്നത്. ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം വിനിയോഗിക്കാമെന്നാണ് സീതാലക്ഷ്മി പറയുന്നത്.

ഭിക്ഷാടനത്തുക ക്ഷേത്രത്തിന് സംഭാവന നല്‍കിയ വാര്‍ത്ത അറിഞ്ഞതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തരെല്ലാം സീതാലക്ഷ്മിയുടെ അരികിലേക്കും എത്തുന്നുണ്ട്. ഭക്തരില്‍ ചിലര്‍ സീതാലക്ഷ്മിയുടെ അനുഗ്രഹത്തിനായും സമീപിച്ചു. സഹോദരനും ഭാര്യയ്ക്കുമൊപ്പം യാദവഗിരിയില്‍ താമസിക്കുന്ന സീതാലക്ഷ്മിക്ക് ആരേയും ആശ്രയിച്ച് ജീവിക്കാന്‍ ഇഷ്ടമില്ലാത്തതിനാലാണ് ആരോഗ്യം മോശമായിട്ടും അമ്പലനടയിലെത്തുന്നത്. ഒരു ദിവസം മുഴുവന്‍ ക്ഷേത്രത്തില്‍ ചെലവിടുന്ന ഇവര്‍ക്ക് ക്ഷേത്ര അധികാരികളുടെ സംരക്ഷണവും ഉണ്ട്. ഗണേശോത്സവത്തിന്റെ ഭാഗമായി ഇവര്‍ ക്ഷേത്രത്തിന് 30,000 രൂപയാണ് സംഭാവന നല്‍കിയത്. പിന്നീട് ക്ഷേത്ര ഭാരവാഹിയോടൊപ്പം ബാങ്കില്‍ പോയി 2 ലക്ഷം കൂടി സംഭാവനയായി നല്‍കി.

‘ഭക്തര്‍ എനിക്ക് നല്‍കുന്നത് ഞാന്‍ ബാങ്കില്‍ നിക്ഷേപിക്കുന്നു. എനിക്ക് ദൈവം എല്ലാമാണ്. എന്നെ സംരക്ഷിക്കുന്ന ഈ ക്ഷേത്രത്തിന് ഞാന്‍ പണം നല്‍കാന്‍ തീരുമാനിച്ചതും അതിനാലാണ്’- സീതാലക്ഷ്മി പറഞ്ഞു. കൈവശം പണം ഇരുന്നാലും ആരെങ്കിലും തന്റെ പക്കല്‍ നിന്ന് അത് മോഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ ഭിക്ഷയിരിക്കുന്നവരെ ഒഴിവാക്കുകയാണ് പതിവെങ്കിലും വ്യത്യസ്തയായ സീതാലക്ഷ്മിയെ കുറിച്ച് ക്ഷേത്ര അധികാരികള്‍ക്ക് പറയാന്‍ നല്ല വാക്കുകള്‍ മാത്രമേ ഉള്ളൂ. അവര്‍ എല്ലാവരില്‍നിന്നും വ്യത്യസ്തയാണ്. ഒരിക്കല്‍ പോലും ആരില്‍ നിന്നും പണം ആവശ്യപ്പെടുന്നത് കണ്ടിട്ടില്ല. നല്‍കുന്നത് സ്വീകരിക്കാനുള്ള മനസാണ് അവരിലുള്ള നന്മ. ക്ഷേത്ര ഭാരവാഹി എം.ബാസവരാജ് പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമായി പരിചയമുള്ള നാട്ടുകാര്‍ക്കും സീതാലക്ഷ്മിയെ കുറിച്ച് പറയാനുള്ളത് അവരിലെ നന്മയും എളിമയുമാണ്. ഭിക്ഷ കിട്ടിയ തുക ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കാനുള്ള ഈ 85കാരിയായ വൃദ്ധയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് ക്ഷേത്രത്തിലെത്തുന്നത്.