മുഖ്യമന്ത്രിക്കെതിരെയുള്ള ഹര്‍ജി; വാദത്തിനൊരുങ്ങാന്‍ എജിയോട് ഹൈക്കോടതി നിര്‍ദേശം

0
37

കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദത്തിനൊരുങ്ങാന്‍ എജിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തോമസ് ചാണ്ടിയുടെ ഹര്‍ജിയും മന്ത്രിമാരുടെ ബഹിഷ്‌കരണവും അതിന് തെളിവാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കേരള യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്.

കോടതി പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.മന്ത്രിക്കു സ്വന്തം സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിശ്വാസമില്ലെന്നാണെങ്കില്‍, ഇതുതന്നെ അയോഗ്യതയ്ക്കു പറ്റിയ കാരണമാണ്. മന്ത്രിക്കു സ്വന്തം മന്ത്രിസഭയെ കുറ്റപ്പെടുത്താനാകുമോ? കേട്ടുകേള്‍വിയില്ലാത്ത കാര്യമാണത്. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയ ചരിത്രം ഈ കോടതിയിലോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.

നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.