മുത്തലാഖിന് പകരം നിയമം ശീതകാല സമ്മേളനത്തില്‍

0
31


ന്യൂഡല്‍ഹി: മുസ്‌ലിം വിവാഹമോചനത്തിനു ഉപയോഗിക്കുന്ന മുത്തലാഖിന് അന്ത്യം കുറിക്കുന്ന പുതിയ കേന്ദ്ര നിയമം വരുന്ന ശീതകാല സമ്മേളനത്തില്‍  അവതരിപ്പിക്കും. ബില്ലിന് രൂപം നല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.

മുത്തലാഖ് സ്ത്രീ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി മുത്തലാഖ് നിരോധിക്കുമ്പോള്‍ അതിനു നിയമം കൊണ്ടുവരണമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. അത് പ്രകാരം മുത്തലാഖ് കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമമാണ് കേന്ദ്രം തയ്യാറാക്കുന്നത്. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതായിരിക്കും നിയമം.

നിലവിലെ മുസ്‌ലിം മാര്യേജ് അക്ട് ഇല്ലാതാക്കുന്നതിന് ഭേദഗതി കൊണ്ടുവരികയോ പുതിയ നിയമം പാസാക്കുകയോ ആണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് സുപ്രിം കോടതി മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിച്ചത്.

തുടര്‍ന്ന് മുത്തലാഖിന് ആറുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കോടതി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി വിധിക്ക് ശേഷവും രാജ്യത്ത് പലയിടങ്ങളിലും മുസ്‌ലിം സ്ത്രീകള്‍ മുത്തലാഖിന് വിധേയമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നിയമനിര്‍മാണത്തിന് ഒരുങ്ങുന്നത്.