ന്യൂഡല്‍ഹി: കശ്മീരില്‍ സുരക്ഷാ സേനയ്ക്കെതിരെ കല്ലെറിഞ്ഞവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നു. കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി ദിനേശ്വര്‍ ശര്‍മ ഇതുസംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് നല്കി.
11,500 കേസുകളാണ് സുരക്ഷാ സേനയ്ക്കെതിരായ കല്ലേറുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ യുവാക്കള്‍ക്കെതിരായ 4500 കേസുകള്‍ ആദ്യഘട്ടത്തില്‍ പിന്‍വലിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഈ മാസമാദ്യം ദിനേശ്വര്‍ ശര്‍മ കശ്മിര് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ നിരവധി ആളുകളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാണിയെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനിടെയാണ് സുരക്ഷാ സേനയ്ക്കെതിരെ വ്യാപകമായി കല്ലേറ് ഉണ്ടായത്.
അതേസമയം പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ദിനേശര്‍ ശര്‍മ വിസമ്മതിച്ചു. കശ്മീരില്‍ സമാധാനം കൊണ്ടുവരികയെന്നതാണ് തന്റെ ദൗത്യമെന്നും അതിന് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.