കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.
അയ്യായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായാണ് അടുത്ത് നല്‍കുന്നത്. ആദ്യ കേസില്‍ ഏഴു പേരുള്ളതിനാല്‍ നടന് ദിലീപിനെ എട്ടാം പ്രതിയാക്കുമെന്നാണ് സൂചന. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ ഉണ്ട്.
പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച ചാര്‍ളിയെ മാപ്പുസാക്ഷിയാക്കില്ലെന്ന് പോലീസ് സൂചിപ്പിച്ചു.