പത്മാവതിക്ക് ഗുജറാത്തിലും നിരോധനം

0
42

ഗാന്ധിനഗർ: സഞ്ജയ് ലീലാ ബൻസാലി ചിത്രം ‘പത്മാവതി’യുടെ പ്രദർശനം ഗുജറാത്തിലും നിരോധിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയ്ക്കു പിന്നാലെയാണ് ഗുജറാത്ത് നിരോധനം വന്നത്. വിവാദങ്ങൾ അവസാനിക്കുന്നതു വരെ ചിത്രം പ്ര‍ദർശിപ്പിക്കേണ്ടെന്നാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.

സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് വിവാദചിത്രം പ്രദർശിപ്പിക്കുന്നതിന് ഗുജറാത്ത് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ‌ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

അതേസമയം, താരങ്ങളായ കമൽ ഹാസൻ, പ്രകാശ്‌രാജ്, ഖുശ്ബു, പ്രിയാമണി തുടങ്ങിയവര്‍ ദീപികയ്ക്കു പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തി. ബൻസാലിയുടെ തലയ്ക്കു വിലയിട്ടവർ ചെയ്തതു തെറ്റാണെങ്കിൽ ബൻസാലിയും തെറ്റുകാരനാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ സമാജ്‍വാദി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്.