യോഗി ആദിത്യനാഥിന്റെ റാലിയില്‍ പങ്കെടുക്കാനെത്തിയ മുസ്ലീം സ്ത്രീയുടെ ബുര്‍ഖ അഴിപ്പിച്ചു

0
49


ബാലിയ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ മുസ്ലീം സ്ത്രീയുടെ ബുര്‍ഖ പോലീസ് അഴിപ്പിച്ചു. പാര്‍ട്ടി പരിപാടിക്കെത്തിയ ബിജെപി പ്രവര്‍ത്തകയായ സൈറ എന്ന സ്ത്രീയുടെ ബുര്‍ഖയാണ് വനിതാ പോലീസ് അഴിപ്പിച്ചത്.

പരിപാടിയില്‍ പങ്കെടുക്കുന്നതിനായി യോഗി ആദിത്യനാഥ് വേദിയില്‍ എത്തുന്നതിന് മുമ്പ് മൂന്ന് വനിതാ പോലീസുകാര്‍ സദസിലേക്ക് വരികയും ബുര്‍ഖ ധരിച്ചിരുന്ന സ്ത്രീയോട് അത് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇത് അഴിച്ചുമാറ്റി ബാഗില്‍ സൂക്ഷിച്ചെങ്കിലും അല്‍പം കഴിഞ്ഞ് മറ്റൊരു ഉദ്യോഗസ്ഥന്‍ ഇത് വാങ്ങിക്കൊണ്ട് പോയി. ബുര്‍ഖ അഴിപ്പിക്കുന്നതിന്റെയും പിന്നീട് വാങ്ങിക്കൊണ്ട് പോകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.

എന്നാല്‍ ബുര്‍ഖ അഴിപ്പിച്ചത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. വര്‍ഷങ്ങളായി താന്‍ ബിജെപി പ്രവര്‍ത്തകയാണെന്നും കറുത്ത നിറത്തിലുള്ള ബുര്‍ഖയാണ് താന്‍ ധരിച്ചിരുന്നതെന്നും സൈറ പറയുന്നു. കറുപ്പ് നിറത്തിന് പരിപാടി നടക്കുന്ന സ്ഥലത്ത് നിരോധനം
ഏര്‍പ്പെടുത്തിയിരുന്നതിനാലാണ് ബുര്‍ഖ അഴിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതെന്നും സൈറ അറിയിച്ചു.

അതേസമയം, റാലിയില്‍ കറുത്ത കൊടികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആരും നിര്‍ബന്ധിച്ച് ബുര്‍ഖ അഴിപ്പിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.